ചാത്തന്നൂർ: ജപ്പാൻ കുടിവെള്ള പദ്ധതിയ്ക്ക് ഇപ്പോഴും ഉപയോഗിക്കുന്നത് കാലപ്പഴക്കം ചെന്നതും ഗുണനിലവാരമില്ലാത്തതുമായ പൈപ്പുകൾ ഈ പൈപ്പുകൾ കവലകൾ തോറും പൊട്ടിയും വാട്ടർ ടാപ്പുകൾ തകർന്നും ജലം പാഴാകുന്നതും, റോഡ് കുളമാകുന്നതും സ്ഥിരം കാഴ്ചകൾ. വെള്ളം കെട്ടിക്കിടക്കുന്ന കുഴികളിൽ പതിച്ച് ഇരുചക്രവാഹന യാത്രികർ അപകടത്തിൽ പെടുന്നതും സ്ഥിരം സംഭവങ്ങൾ.
1981-83 കാലഘട്ടത്തിൽ ചാത്തന്നൂർ, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തുകളിൽ ജലവിതരണത്തിനായി ഇത്തിക്കരയാറ്റിൽ കട്ടച്ചലിൽ പമ്പ് ഹൗസ് സ്ഥാപിച്ചു. ജലവിതരണ പൈപ്പുകളും അന്ന് കുഴിച്ചിട്ടു.അന്ന് സ്ഥാപിച്ച പൈപ്പ് ലൈനുകളും പൊതു വാട്ടർ ടാപ്പുകളുമാണ് ഇന്നുമുള്ളത്. കാലപ്പഴക്കം ചെന്ന, ഗുണമേന്മയില്ലാത്ത ഈ പൈപ്പുകളും ടാപ്പുകളും പൊട്ടി കുടിവെള്ളം പാഴാകുന്നതും ചാത്തന്നൂർ നിയോജയമണ്ഡലത്തിലെ നിത്യ കാഴ്ചയാണ്.
ഈ കാലഹരണപ്പെട്ട പൈപ്പുകളിലൂടെയാണ് ജപ്പാൻ കുടിവെള്ള പദ്ധതി വിതരണം ചെയ്യുന്നതെന്ന് കേരളാ വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു..ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പാക്കിയതോടെ വാട്ടർ കണക്ഷനുകളാണുള്ളത്.ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതിനാൽ പൈപ്പുകളിൽ മർദ്ദം കുറയുകയാണ് സംഭവിക്കുന്നതെന്നും ഇത് പൈപ്പ് പൊട്ടലിന് കാരണമാകുന്നില്ലെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കുന്നു.
ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പാക്കിയതോടെ ചാത്തന്നൂരിലും പരിസര പ്രദേശങ്ങളിലും നിലവിൽ ഉണ്ടായിരുന്ന പഴയ പൈപ്പുലൈനുകൾ മാറ്റിയെന്നും എന്നാൽ ജപ്പാൻ പദ്ധതിയുടെ പൈപ്പുലൈനുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ നിലവിലെ ഗുണഭോക്താക്കൾക്ക് ജലവിതരണത്തിനായി പഴയ പൈപ്പുലൈനുകൾ ഉപയോഗിക്കുന്നുണ്ട്. പുതിയ വ സ്ഥാപിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്.ഇത് പൂർത്തിയാകുന്ന മുറയ്ക്ക് പഴയ പൈപ്പുലൈൻ കൾ പൂർണ്ണമായും ഒഴിവാക്കും.
പൈപ്പ് ലൈനുകൾ സ്ഥിരം പൊട്ടി കുടിവെള്ളം പാഴാകുന്നത് സംബന്ധിച്ച് ആൻറി കറപ്ഷൻ പീപ്പിൽ സ്മൂവ് മെൻറ് സെക്രട്ടറി മാമ്പള്ളികുന്നം ജി.ആർ.രഘുനാഥന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.