തുറവൂർ: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ തൈക്കാട്ടുശേരിയിൽ തകർന്ന വലിയ പൈപ്പുകൾ നന്നാക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കുടിവെള്ള വിതരണം മുഴുവൻ പ്രദേശങ്ങളിലേക്കും ഉടൻ തന്നെ പുനരാരംഭിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തുറവൂർ പഴയ ബോട്ട് ജെട്ടിക്കടുത്തുള്ള വലിയ പൈപ്പുകൾ തകർന്നത്.
ഇതേതുടർന്ന് അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട് പഞ്ചായത്തുകളിലെ നാൽപ്പതിനായിരം കുടുംബങ്ങൾക്കുള്ള കുടിവെള്ള വിതരണമാണ് നിലച്ചത് എന്നാൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടൽ മൂലം രാപകൽ ഭേദമില്ലാതെയുള്ള പ്രവൃത്തികളാണ് നടക്കുന്നത്. ഈ പ്രദേശത്ത് ജപ്പാൻ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചിട്ടുള്ള മുഖ്യ പൈപ്പ്ലൈൻ പൊട്ടുന്നത് തുടർകഥയാണ്.
ഓരോ പ്രാവശ്യവും പൈപ്പ് പൊട്ടുന്നത് നന്നാക്കുവാൻ ലക്ഷങ്ങളാണ് ചെലവാകുന്നത്. ഗുണനിലവാരം ഇല്ലാത്ത പൈപ്പുകൾ ഉപോഗിച്ചിരിക്കുന്നതാണ് തുടർച്ചയായി പൈപ്പുകൾ പൊട്ടുവാൻ കാരണമെന്ന് പറയപ്പെടുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനാരംഭത്തിൽ തന്നെ ഉപയോഗിക്കുന്ന പൈപ്പുകൾക്കെതിരെ വ്യാപകമായ ആരോപണം ഉയർന്നിരുന്നു.
എന്നാൽ ഇത് പരിശോധിക്കുവാനോ അന്വേഷണം നടത്തുവാനോ അധികൃതർ തയ്യാറായിരുന്നില്ല. അടിക്കടിയുണ്ടാകുന്ന പൈപ്പുപൊട്ടൽ ജപ്പാൻ കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്നആയിരക്കണക്കിന് ജനങ്ങളെയാണ് ബാധിക്കുന്നത്..