ചേർത്തല: ജപ്പാൻ കുടിവെള്ളപദ്ധതിയുടെ കുഴലിലെ ചോർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ വേഗത്തിലാക്കി. ഇന്നു വൈകുന്നേരം തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പന്പിംഗ് പുനരാരംഭിക്കാനാകുമെന്നുള്ള പ്രതീക്ഷയിലാണ് അധികൃതർ.
ദേശീയപാതയോരത്ത് ചേർത്തല സർക്കാർ പോളിടെക്നിക് കോളേജിന് സമീപം റോഡരികിൽ എട്ടടി താഴ്ചയിലുള്ള 600 എംഎം വ്യാസമുള്ള കുഴലിലാണ് ചോർച്ചയുണ്ടായത്. ഇതോടെ പന്പിങ് നിർത്തുകയും കഞ്ഞിക്കുഴി, മുഹമ്മ, മാരാരിക്കുളംവടക്ക്, ചേർത്തല തെക്ക് പഞ്ചായത്തുകളിൽ ജലവിതരണം നിലയ്ക്കുകയുംചെയ്തു.
നഗരസഭയിലും തണ്ണീർമുക്കം, പള്ളിപ്പുറം പഞ്ചായത്തുകളിലും കുടിവെള്ളവിതരണം ഭാഗികമാണ്. മഴക്കാലമായതിനാൽ സ്ഥലത്ത് രണ്ടടി താഴ്ചയിലാണ് ജലവിതാനം.മൂന്നുപന്പുകൾ തുടർച്ചയായി പ്രവർത്തിപ്പിച്ചാണ് വെള്ളം നീക്കിയത്. നേരത്തെ അറ്റുകറ്റപ്പണി നടത്തിയ ഭാഗത്തുതന്നെയാണ് കുഴൽ പൊട്ടിയത്.
കുഴൽപൈപ്പുകളുടെ ചോർച്ചകൾ പരിഹരിച്ച് എത്രയുംവേഗം ശുദ്ധജല വിതരണം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു.