വിജയവും പരാജയവും മാറിയും മറിച്ചും സംഭവിക്കാം, എന്നാല്‍ സംസ്‌കാരം മെച്ചപ്പെടുത്തലും പ്രകടിപ്പിക്കലും അതെപ്പോഴും സംഭവിക്കേണ്ടതാണ്! ജപ്പാന്‍, സെനഗല്‍ ആരാധകരുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് ലോകം

ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കം റഷ്യയില്‍ നടന്നു വരികയാണ്. വിജയവും പരാജയവും അട്ടിമറികളും നിലനില്‍പ്പിനായുള്ള പോരാട്ടവുമൊക്കെയായി രാജ്യങ്ങള്‍ വീറോടെ മുന്നേറുന്നു. വാതുവയ്പ്പുകളും ആഘോഷവും വീറും വാശിയുമൊക്കെയാണ് മത്സര വേദികളില്‍ പൊതുവെ കാണാന്‍ സാധിക്കുന്നതെങ്കിലും ഒരുകൂട്ടം മനുഷ്യര്‍ അവിടെ ചെയ്ത നന്മയുടെ വാര്‍ത്തയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ മത്സരങ്ങളോടൊപ്പം ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഏഷ്യന്‍ രാജ്യമായ ജപ്പാന്‍, ആഫ്രിക്കന്‍ രാജ്യമായ സെനഗല്‍ എന്നിവിടങ്ങളില്‍ നിന്ന് തങ്ങളുടെ രാജ്യത്തിന്റെ മത്സരം കാണാനെത്തിയ ചില ആരാധകരുടെ പ്രവര്‍ത്തിയെയാണ് ഇപ്പോള്‍ ലോകം മുഴുവന്‍ അഭിനന്ദിച്ചുകൊണ്ടിരിക്കുന്നത്. സംഭവമിങ്ങനെ…

ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയെ ജപ്പാന്‍ തൂത്തെറിയുന്നത് കണ്ട് സന്തോഷിച്ച് മടങ്ങുകയായിരുന്നില്ല, അവരുടെ ആരാധകര്‍. അവരും തൂത്തെറിഞ്ഞു ഗാലറിയിലെ ചപ്പുചവറുകള്‍. ചരിത്രം കുറിച്ച് ജപ്പാന്‍ ശ്രദ്ധ നേടിയപ്പോള്‍ സത്പ്രവര്‍ത്തികൊണ്ടാണ് അവരുടെ ആരാധകര്‍ കൈയ്യടി നേടിയത്.

മത്സരശേഷം അവരിരുന്ന നിരകളിലെ ചപ്പുചവറുകള്‍ അവര്‍ തന്നെ നീക്കം ചെയ്യുകയായിരുന്നു. ഗാലറിയിലെ കസേരകള്‍ക്കിടയില്‍ കിടന്ന ചപ്പുചവറുകളെല്ലാം അവര്‍ വൃത്തിയാക്കി. തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ഇതെന്നാണ് പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി.

ആഫ്രിക്കന്‍ വീര്യവുമായി എത്തി കളം നിറഞ്ഞ്, എതിരാളികളെ തറപറ്റിച്ച സെനഗല്‍ ടീമിന്റെ ആരാധകരും ഇതേ പ്രവര്‍ത്തി ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അവരും തങ്ങളുടെ ടീമിന്റെ കളികണ്ട്, അവരുടെ ജയം ആഘോഷിച്ച്, സന്തോഷത്താല്‍ ഇരുന്നിരുന്ന ഗാലറി വൃത്തിയാക്കിയ ശേഷമാണ് സ്‌റ്റേഡിയം വിട്ടത്. ഇരു കൂട്ടരുടെയും പ്രവര്‍ത്തിയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ലോകം മുഴുവനുമിപ്പോള്‍.

Related posts