ടോക്കിയോ: മൂന്നു പതിറ്റാണ്ടിനു ശേഷം ജപ്പാനിലെ മത്സ്യത്തൊഴിലാളികൾ തിമിംഗലവേട്ട പുനരാരംഭിച്ചു. അഞ്ച് കപ്പലുകളാണ് ജപ്പാനിലെ കുഷിരോ തീരത്തു നിന്ന് വേട്ടയ്ക്കായി പുറപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ ആദ്യ തിമിംഗലത്തെ പിടികൂടിയതായി ക്യോഡോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പിടികൂടിയ തിമിംഗലത്തിന്റെ ചിത്രങ്ങളും വീഡിയോയും ബിബിസി അടക്കം പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ജൂലൈയിൽ ജപ്പാന് ഇന്റര്‍നാഷണല്‍ വെയ്ലിംഗ് കമ്മീഷനില്‍ നിന്നു പിന്‍വാങ്ങിയിരുന്നു. ഈ വിവാദ തീരുമാനത്തിന് ശേഷമാണ് തിങ്കളാഴ്ച മുതൽ 30 വര്‍ഷമായി നിര്‍ത്തി വച്ചിരുന്ന തിമിംഗല വേട്ട ജപ്പാൻ പുനരാരംഭിച്ചത്. ലോകവ്യാപക പ്രതിഷേധം അവഗണിച്ചാണ് ജപ്പാന്റെ കപ്പലുകൾ തിമിംഗല വേട്ട നടത്തുന്നത്.
ഓഗസ്റ്റ് വരെ ജാപ്പനീസ് ദ്വീപ സമൂഹത്തിന്റെ പരിസരത്തും ഒക്ടോബര്‍ വരെ പസിഫിക്കിലെ രാജ്യാന്തര സമുദ്രമേഖലകളിലുമാകും തിമിംഗലവേട്ട. 227 തിമിംഗലങ്ങളെ കൊല്ലാനാണ് കപ്പലുകള്‍ പദ്ധതിയിടുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. മാര്‍ച്ചില്‍ അവസാനിച്ച അന്റാര്‍ട്ടിക്കയിലെ ഗവേഷണ പര്യവേക്ഷണത്തിന്റെ ഭാഗമായി 333 തിമിംഗലങ്ങളെ ജപ്പാൻ കൊന്നൊടുക്കിയിരുന്നു.
1982ലാണ് തിമിംഗല വേട്ടയ്ക്ക് വിലക്കു വേണമെന്ന ആവശ്യം രാജ്യാന്തര വെയ്ലിംഗ് കമ്മീഷന് അംഗീകരിക്കുന്നത്. എന്നാൽ വ്യാവസായിക വേട്ടയ്ക്കായുള്ള ശ്രമങ്ങൾ ഏതാനും വര്‍ഷങ്ങളായി ജപ്പാൻ തുടർന്നിരുന്നു. ഇതിനെ രാജ്യാന്തര വെയ്ലിംഗ് കമ്മീഷന് എതിര്‍ത്തതോടെയാണ് അംഗത്വം ഉപേക്ഷിച്ച് ജപ്പാന് വേട്ടയ്ക്കായി ഇറങ്ങിയത്.