ആലപ്പുഴ: ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ശുദ്ധജലവിതരണ സംവിധാനങ്ങളൊരുക്കി വിദ്യാർഥികൾ. അമൃതവിശ്വവിദ്യാപീഠത്തിലെ വിദ്യാർഥികൾക്കൊപ്പം ജപ്പാനിലെ വിവിധ യൂണിവേഴ്സിറ്റികളിലെ 71 വിദ്യാർത്ഥികളുമാണ് ഗ്രാമപ്രദേശങ്ങളിൽ ശുദ്ധജലം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായത്.
അമൃതാനന്ദമയീമഠം നടപ്പിലാക്കുന്ന ജീവാമൃതം ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായിട്ടാണ് അമൃതപുരി കാന്പസിലേയും ജപ്പാനിലെ 20 സർവ്വകലാശാലകളിലേയും 200-ൽ പരം വിദ്യാർഥികൾ സംയുക്തമായി അണിനിരന്നത്. ജില്ലയിലെ പതിനൊന്ന് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ പത്തു ദിവസം കൊണ്ട് 36 ജീവാമൃതം ശുദ്ധജലവിതരണ സംവിധാനങ്ങൾ വിദ്യാർഥികൾ സ്ഥാപിച്ചു.
അന്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത്, പുറക്കാട്, ആര്യാട്, മാരാരിക്കുളം സൗത്ത്, എഴുപുന്ന, തുറവൂർ, ചന്പക്കുളം, നെടുമുടി, മണ്ണഞ്ചേരി പഞ്ചായത്തുകളിലാണ് വിദ്യാർഥികൾ ശുദ്ധജല വിതരണ സംവിധാനങ്ങളൊരുക്കിയത്.
വിദ്യാർത്ഥികൾക്കു ഗ്രാമീണ സമൂഹത്തെക്കുറിച്ചു പഠിക്കാൻ അവസരം നൽകുകയും അവർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്കു പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ലിവ് ഇൻ ലാബ് പരിപാടിയുടെ ഭാഗമായിട്ടാണു സർവ്വകലാശാലകളിലെ വിദ്യാർഥികൾ ഇവിടെ എത്തിയത്.
അമൃത വിശ്വവിദ്യാപീഠം സർവകലാശാലയിലെ അധ്യാപകരും ഗവേഷണ വിദ്യാർഥികളും ചേർന്ന് രൂപകൽപന ചെയ്തിട്ടുള്ള ജീവാമൃതം ജലശുദ്ധീകരണ സംവിധാനത്തിൽ നാലു ഘട്ടങ്ങളിലൂടെ ചെളിവെള്ളം മുതൽ ഒരു മൈക്രോണ് വരെയുള്ള ഖരപദാർത്ഥങ്ങളെല്ലാം നീക്കം ചെയ്ത് അൾട്രാവയലറ്റ് വിദ്യയിലൂടെ അണുവിമുക്തമാക്കി 1000,2000 ലിറ്റർ ടാങ്കുകളിൽ ശേഖരിക്കപ്പെടുന്ന പ്രക്രിയയാണ് നടപ്പാക്കുന്നത്.
ഒരു ഗ്രാമത്തിലെ അഞ്ചു പേരടങ്ങുന്ന അഞ്ഞൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ ഇത്തരം ഒരു ശുദ്ധജലവിതരണ സംവിധാനം കൊണ്ട് കഴിയുമെന്ന് ജീവാമൃതം പദ്ധതി മേധാവി ഡോ. മനീഷാ സുധീർ പറഞ്ഞു.