കളമശേരി: 2 ലക്ഷം രൂപ വായ്പയെടുക്കാൻ ജാമ്യം നിന്ന പേരിൽ വീട് ജപ്തി ചെയ്യാൻ ശ്രമിക്കുന്നതിനെതിരേയുള്ള പ്രീതാ ഷാജിയുടെ സമരം തുടരുന്നു. ഇന്നലെ മുതൽ മാനാത്ത് പാടത്തെ വീടിന് മുന്നിൽ ഒരുക്കിയിരുന്ന ചിതയിലാണ് നിരാഹാര സമരം ആരംഭിച്ചത്.
ഈ മാസം 9ന് കോടതി വിധിയെ തുടർന്ന് പ്രീത ഷാജിയുടെ വീട് ജപ്തിചെയ്യാൻ അധികൃതർ ശ്രമിക്കുകയും തുടർന്ന് പ്രീത ഷാജി അടക്കം നിരവധി പേർആത്മഹത്യ ശ്രമം നടത്തിയത്തിനെ തുടർന്ന് ഉദോഗ്യസ്ഥർ പിൻമാറിയിരുന്നു.
ഒരു വർഷത്തിലധികമായി സമരം നടത്തുന്ന വീട്ടമ്മ പ്രീത ഷാജിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിക്ഷേധസമരക്കാർ ഇന്നലെ ഒത്തു കൂടി.
രാവിലെ 11 ഓടെ യോഗം പി.ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സർഫാസി എന്ന കിരാത നിയമം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും നിയമത്തിന്റെ പിൻബലത്തിൽ പാവങ്ങളുടെ ഭൂമി തട്ടിയെടുക്കാമെന്ന് ആരും പ്രതിക്ഷിക്കണ്ട എന്നും പി.ടി.തോമസ് എംഎൽഎ പറഞ്ഞു.
വരും നാളുകളിൽ സമരം ശക്തിപ്പെടുമെന്നും ഈ സമരത്തിന് തന്റെ എല്ലാ പിൻതുണയുണ്ടെന്നും അടുത്ത മാസം 2ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രീത ഷാജിയെ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇരുന്നൂറോളം പേർ സമരപന്തലിൽ എത്തി. എറണാകുളം എംഎൽഎ ഹൈബി ഈഡൻ, സി.ആർ. നീലകണ്ഠൻ എന്നിവരും സന്നിഹിതരായുന്നു.