കൊച്ചി: ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടി ഇന്ന് രാവിലെ ആരംഭിക്കാനിരിക്കെ സംഭവസ്ഥലത്ത് വൻ പ്രതിഷേധം. നടപടിയിൽ പ്രതിഷേധിച്ച് സമരസമതിയംഗങ്ങളായ അഞ്ചുപേർ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മാഹൂതിക്ക് ശ്രമിച്ചു.
സമിതിയംഗങ്ങളായ സി.എസ്.മുരളി, സി.ജെ.മാനുവൽ, വി.സി.ജെന്നി, വി.കെ.വിജയൻ, കെ.വി.റെജുമോൾ എന്നിവരാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച തീകൊളുത്തിയത്. ഫയർഫോഴ്സ് ഉടൻ ഫോഗ് അടിച്ച് തീയണച്ചതിനാൽ വലിയ അപകടമുണ്ടായില്ല. ഇതേതുടർന്ന് സംഭവസ്ഥലത്ത് വൻ സംഘർഷം ഉടലെടുത്തു. പോലീസും സമരക്കാരും തമ്മിലാണ് സംഘർഷമുണ്ടായത്.
സംഘർഷത്തിനിടെ സമരസമിതിയംഗമായ ഒരു സ്ത്രീയുടെ തലക്ക് പരിക്കേറ്റു. തൃക്കാക്കര സ്വദേശിനി അമ്മിണി ബാബുവിനാണ് പരിക്കേറ്റത്. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി. പ്രീത ഷാജിയും കുടുംബവും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വീടിനുള്ളൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.
എടുക്കാത്ത വായ്പയുടെ പേരിൽ ജപ്തി ഭീഷണി നേരിട്ട് ദുരിതജീവിതം നയിക്കുന്ന പ്രീത ഷാജിയും കുടുംബവും ഒരുവർഷമായി വീടിന് മുന്പിൽ ചിതയൊരുക്കി പ്രതിഷേധസമരം നടത്തുന്നുണ്ട്. മാനാത്തുപാടം പാർപ്പിട സംരക്ഷണ സമരസമിതിയുടെയും സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം എന്നിവയുടെയും നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടന്നിരുന്നത്.
പ്രീത ഷാജിയുടെ 18.5 സെൻറ് വരുന്ന കിടപ്പാടം ഇന്ന് ജപ്തി ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതേുടർന്നാണ് പ്രതിഷേധം കൂടുതൽ ശക്തമാക്കിയത്. നടപടികൾക്കായി സ്ഥലത്തെത്തിയ പോലീസിനോട് പിരിഞ്ഞുപോകണമെന്ന് ആദ്യം സമരക്കാർ ആവശ്യപ്പെട്ടു. ഇത് ജനകീയ സമരമാണെന്നും പോലീസിന്റെ ആവശ്യമില്ലെന്നും പറഞ്ഞാണ് സമരക്കാർ പോലീസിനോട് പിരിഞ്ഞുപോകണമെന്ന് പറഞ്ഞത്.
ഇതിനു പിന്നാലെയാണ് പ്രീത ഷാജിയും സമരസമതിയിംഗങ്ങളായ രണ്ടു പേരും റോഡിലേക്കിറങ്ങി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.ഏറെ നേരം നീണ്ടു നിന്ന സംഘർഷത്തിന് ശേഷം പോലീസ് പിരിഞ്ഞു പോകണമെന്ന ആവശ്യം കൂടുതൽ ശക്തമാക്കി പ്രതിഷേധക്കാർ രംഗത്തെത്തി.
ആർഡിഒ സ്ഥലത്തെത്തി നടപടികൾ അവസാനിപ്പിച്ച് പിരിഞ്ഞുപോകാൻ നിർദേശിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തു നിന്നും പിൻമാറി. ജപ്തി നടപടികൾ തത്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. തൃക്കാക്കര എസി ഷംസിന്റെ നേതൃത്വത്തിൽ കളമശേരി, മരട്, പനങ്ങാട്, അന്പലമേട്, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്നും 100 ഓളം പോലീസുകാരാണ് സംഭവസ്ഥലത്ത് എത്തിയത്.
പി.ടി.തോമസ് എംഎൽഎ, കണയന്നൂർ താലൂക്ക് അഡീഷണൽ തഹസിൽദാർ രാധിക എന്നിവർ സ്ഥലത്തെത്തിയിരുന്നു. ജപ്തി ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു. പ്രീത ഷാജിയുടെ കുടുംബം ഒരു സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കാനാണ് വസ്തു ജാമ്യം കൊടുത്തത്.
വായ്പാത്തിരിച്ചടവ് മുടങ്ങി കടം രണ്ടരക്കോടിയോളമായതോടെയാണ് ബാങ്ക് ജപ്തി നടപടിക്ക് ഒരുങ്ങിയത്. പിന്നീട് ഡെറ്റ് റിക്കവറി ട്രൈബ്യൂണൽ 37.5 ലക്ഷം രൂപയ്ക്ക് ഭൂമി ലേലത്തിൽ വിറ്റു നൽകി. എന്നാൽ ഭൂമി ഒഴിഞ്ഞു കൊടുക്കാൻ പ്രീത ഷാജിയും കുടുംബവും തയാറായില്ല. തുടർന്നാണ് ഭൂമി ലേലത്തിൽ വാങ്ങിയ വ്യക്തി ഹൈക്കോടതിയെ സമീപിച്ചത്.