പഴയങ്ങാടി: മുപ്പതു വർഷത്തോളം മാടായി മണ്ഡലം കോണ്ഗ്രസിന്റെ അമരക്കാരനായിരുന്ന പരേതനായ കെ.വി. മോഹനന്റെ കുടുംബം ജപ്തി ഭീഷണിയിൽ. എരമം കുറ്റൂർ പഞ്ചായത്തിലെ മീത്തലെ പുരയിൽ ഇബ്രാഹിമിന്റെ കൈയിൽ നിന്ന് ജീവിത സന്പാധ്യത്തിന്റെ മുഴുവൻ തുകയും ചേർന്ന് കെ.വി. മോഹനൻ വാങ്ങിച്ച ഒരേക്കർ സ്ഥലം പഴയങ്ങാടി അർബൻ ബാങ്കിൽ പണയം വച്ച് ഒരുലക്ഷം രൂപ വായ്പയെടുത്തിരുന്നു.
എന്നാൽ മോഹനൻ രോഗശയ്യയിലായതോടെ തിരിച്ചടവ് മുടങ്ങുകയും പിന്നീടദ്ദേഹം മരണപെടുകയുമായിരുന്നു. 2009 വരെ പ്രസ്തുത സ്ഥലത്തിന് നികുതി അടച്ചിരുന്നു. മോഹനന്റെ മരണശേഷം 2017 മാർച്ച് 17ന് നികുതിയടക്കാൻ കുടുംബം വില്ലേജ് ഓഫിസിലെത്തിയപ്പോഴാണ് യാഥാർഥ്യമറിയുന്നത്. കൈവശ രേഖ ഉണ്ടെങ്കിൽ മാത്രമെ നികുതി അടയ്ക്കാൻ കഴിയുകയുള്ളൂവെന്നായിരുന്നു വില്ലേജ് അധികൃതർ പറഞ്ഞത്.
കെപിസിസി നിർവാഹകസമിതി അംഗമായ ബാങ്ക് ചെയർമാനെ സമിപിച്ചപ്പോൾ രേഖയുമായി ബന്ധപെട്ട വിവരങ്ങൾ നൽകാതെ തിരിച്ചയച്ചതായി മോഹനന്റെ കുടുംബാംഗങ്ങൾ പറയുന്നു. ബാങ്കുമായി ബന്ധപെട്ടപ്പോൾ പണയം വച്ച തുകയുടെ പലിശയടക്കം അടച്ച് രേഖ കൈപ്പറ്റിയതായി ബാങ്ക് സെക്രട്ടറിയും അറിയിച്ചു. എന്നാൽ ഭർത്താവിന്റെ പേരിലുളള രേഖ ആരുടെ കൈവശമാണെന്ന് കുടുംബത്തിന് പോലും വ്യക്തമല്ല.
മോഹനന്റെ മരണശേഷം വെങ്ങരയിൽ നിന്ന് വീടും സ്ഥലവും വിറ്റ് പിലാത്തറയിലേക്ക് പോയ കുടുംബം വീട് വയ്ക്കാനായി സമീപത്തെ ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് കുടുംബം ജപ്തി ഭീഷണിയിലായത്. ഒരേക്കറോളം വരുന്ന രേഖ കിട്ടിയിരുന്നുവെങ്കിൽ അത് പണയപെടുത്തി ബാങ്കിന്റെ കടമടക്കം തീർക്കാമെന്ന വിശ്വാസത്തിലായിരുന്നു മോഹനന്റെ കുടുംബം.
എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ബാങ്ക് അധികൃതർ പറയുന്നത് ഇങ്ങനെ. ബാങ്കിലേക്ക് അടയ്ക്കേണ്ട തുകയും പലിശയുമടക്കം അടച്ചതായി ബാങ്ക് രേഖകളിലുണ്ടെന്നാണ് ബാങ്ക് സെക്രട്ടറി സി.സുനിൽ പ്രകാശ് പറയുന്നത്. കോൺഗ്രസിനു വേണ്ടി ഒരായുസിന്റെ ഭൂരിഭാഗം ചെലവഴിച്ച ഒരു നേതാവിന്റെ കുടുംബത്തോട് നീതി പുലർത്താൻ കോണ്ഗ്രസ് ഭരിക്കുന്ന ബാങ്കിന് പോലും സാധിച്ചില്ലെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.