തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് അമ്മയും മകളും തീ കൊളുത്തി മരിച്ച സംഭവം കുടുംബവഴക്കിനെ തുടർന്നാണ് എന്നതിനു കൂടുതൽ തെളിവുകൾ ലഭിച്ചു. പോലീസ് പൂട്ടി സീൽചെയ്തിരുന്ന വീട് ഇന്നലെ തുറന്ന് പരിശോധിച്ചപ്പോഴാണ് കുടുംബത്തിലെ അസ്വാരസ്യങ്ങൾ വെളിവാക്കുന്ന ഡയറി ലഭിച്ചത്.
മഞ്ചവിളാകം മലയിൽക്കട വൈഷ്ണവി ഭവനിൽ ചന്ദ്രന്റെ ഭാര്യ ലേഖ (45) യും മകൾ വൈഷ്ണവി(19)യും തീ കൊളുത്തി മരിച്ച സംഭവത്തിൽ ബാങ്കിന്റെ ജപ്തി ഭീഷണിയും ഗാർഹിക പീഡനവുമുണ്ടെന്നാണു പോലീസിന്റെ കണ്ടെത്തൽ.
സംഭവത്തിൽ ലേഖയുടെ ഭർത്താവ് ഉൾപ്പെടെ നാല് ബന്ധുക്കളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. ലേഖയുടെ ഭർത്താവ് ചന്ദ്രൻ (50), ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ (80), കൃഷ്ണമ്മയുടെ അനുജത്തി മലയിൽക്കാട വടക്കേ തുണ്ടുതട്ടു പുത്തൻവീട്ടിൽ ശാന്ത (63), ശാന്തയുടെ ഭർത്താവ് കാശിനാഥൻ (67) എന്നിവരെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. സംഭവം നടന്ന മുറിക്കുള്ളിലെ ചുവരിൽ ലേഖയുടേതെന്നു കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് പതിച്ചിരുന്നു.
ഇന്നലെ വീണ്ടും നടത്തിയ പരിശോധനയിലാണു ഡയറി ലഭിച്ചത്. ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡയറിയിലുമുണ്ട്. കാനറാ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ വീട് ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നോട്ടീസ് ലഭിച്ചിട്ടും വീട് വിറ്റ് ജപ്തി നടപടിയിൽ നിന്ന് ഒഴിവാകുന്നതിന് തയാറാകാതെ മന്ത്രവാദം നടത്തിയതും ലേഖയെയും മകളെയും നിരന്തരം പീഡിപ്പിച്ചതുമാണ് ആത്മഹത്യക്കു കാരണമെന്ന് ലേഖയും വൈഷ്ണവിയും ചേർന്ന് എഴുതി ഒപ്പിട്ട കത്തിൽ പറയുന്നു.
ഇന്നലെ വീട്ടിലെത്തി തെളിവെടുത്ത പോലീസ് വസ്തു വിൽപ്പനയ്ക്കെത്തിയ ബ്രോക്കർ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തു. വീടുവാങ്ങാൻ പലരുമെത്തിയെങ്കിലും വീടിന്റെ പിന്നിലെ മന്ത്രവാദകളങ്ങൾ കണ്ടു പലരും വാങ്ങലിൽനിന്നു പിന്മാറുകയായിരുന്നത്രെ.