തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയേത്തുടർന്ന് അമ്മയും മകളും തീ കൊളുത്തിയത് 15 വർഷം മുന്പ് എടുത്ത വായ്പയുടെ പേരിൽ. വീട് വയ്ക്കാൻ അഞ്ചു ലക്ഷം രൂപയാണ് ലേഖയുടെ ഭർത്താവ് ചന്ദ്രൻ നെയ്യാറ്റിൻകരയിലെ കാനറാ ബാങ്കിൽനിന്ന് വായ്പ എടുത്തത്. ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു.
2010-ലാണ് തിരിച്ചടവ് മുടങ്ങിയത്. വീട് വിൽപ്പന നടത്തി കടം വീട്ടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇനിയും നാലു ലക്ഷം രൂപ കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്. തിരിച്ചടക്കേണ്ട കാലാവധി കഴിഞ്ഞതോടെ ബാങ്ക് ജപ്തി നോട്ടീസ് അയയ്ക്കുയായിരുന്നു.
ബാങ്ക് തിരുവനന്തപുരം സിജഐം കോടതിയിൽ കേസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ അഭിഭാഷക കമ്മിഷനും പോലീസും കഴിഞ്ഞ ദിവസം ജപ്തി നടപടികൾക്കായി വീട്ടിലെത്തിയിരുന്നു. നാലു ദിവസത്തിനകം 6.80 ലക്ഷം രൂപ നൽകാമെന്നും അല്ലെങ്കിൽ ജപ്തി നടപടികളുമായി മുന്നോട്ടുപോകാമെന്നും കുടുംബം എഴുതി നൽകുകയും ചെയ്തു.
വീടും സ്ഥലവും സന്പാദ്യവും നഷ്ടപ്പെടും എന്ന ഭീതിയിൽ മനംനൊന്താണ് ആത്മഹത്യാ ശ്രമമെന്നാണ് നിഗമനം. എന്നാൽ തങ്ങൾ ഈ വിഷയത്തിൽ ലേഖയുടെ കുടുംബത്തിനുമേൽ സമ്മർദം ചെലുത്തിയിരുന്നില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
തീ കൊളുത്തിയ വൈഷ്ണവി (19) സംഭവസ്ഥലത്തുവച്ചും അമ്മ ലേഖയെ ഗുരുതര പൊള്ളലുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു