മഞ്ചേരി: വിധവയുടെ പരാതിയിൽ കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകുന്നതിൽ വീഴ്ച വരുത്തിയ കേരള വാട്ടർ അഥോറിറ്റിയുടെ മലപ്പുറത്തെ ജില്ലാ കാര്യാലയം ജപ്തി ചെയ്യാൻ ഉത്തരവ്. കോഡൂർ ചട്ടിപ്പറന്പ് പരേതനായ നെല്ലിക്കുന്നൻ മുഹമ്മദിന്റെ ഭാര്യ ജമീല (54)യുടെ പരാതിയിലാണ് മഞ്ചേരി സബ്കോടതി ജഡ്ജി കെ. പ്രിയ ജപ്തി ഉത്തരവിട്ടത്.
ജമീലയുടെ ഭർത്താവ് മുഹമ്മദ് ഏറെക്കാലം വാട്ടർ അഥോറിറ്റി മലപ്പുറം എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസിനു കീഴിൽ കരാർ ജോലി ചെയ്തു വരികയായിരുന്നു. ഈയിനത്തിൽ വൻതുക അഥോറിറ്റി കുടിശിക വരുത്തി. ഇതിനായി ഏറെക്കാലം മുഹമ്മദ് ഉദ്യോഗസ്ഥരുടെ പിറകെ നടന്നെങ്കിലും ഫലമുണ്ടായില്ല. 2006 ഡിസംബർ 12ന് മഞ്ചേരി സബ് കോടതിയെ സമീപിച്ച മുഹമ്മദിനു 38,49,923 രൂപ നഷ്ടപരിഹാരം നൽകാൻ വിധിയായി. ഈ വിധിക്കെതിരെ വാട്ടർ അഥോറിറ്റി ഹൈക്കോടതിയെ സമീപിച്ചു.
എന്നാൽ 2018 ഏപ്രിൽ 12ന് അഥോറിറ്റിയുടെ ഹരജി ഹൈക്കോടതി തള്ളി. ഇതോടെ ഒന്‍പതു ശതമാനം പലിശ സഹിതം തുക 1,02,05,853 ആയി വർധിച്ചു. ഈ തുക നൽകാനും വാട്ടർ അഥോറിറ്റി തയാറായില്ല. ഇതിൽ മാനസികമായി ഏറെ തകർന്ന മുഹമ്മദ് 2018 ജൂണ്‍ 17ന് മരണപ്പെട്ടു. തുടർന്നാണ് ഭാര്യ ജമീല വ്യവഹാരവുമായി മുന്നോട്ടു പോയത്.
കോടതി വിധി അനുസരിച്ചുള്ള തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജമീല മഞ്ചേരി സബ് കോടതിയിൽ ഹരജി ഫയൽ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാട്ടർ അഥോറിറ്റി മലപ്പുറം ജില്ലാ കാര്യാലയത്തിലെ ഇളകുന്ന മുതലുകൾ ജപ്തി ചെയ്ത് പണം വസൂലാക്കാൻ ജഡ്ജി വിധിച്ചത്. ഹരജിക്കാരിക്കു വേണ്ടി അഭിഭാഷകനായ എം.എം അഷ്റഫ് ഹാജരായി.