ഏറ്റുമാനൂർ: 85കാരിയായ വൃദ്ധ ഉൾപ്പെടെയുള്ള പട്ടികജാതി കുടുംബത്തെ വീട് ഇടിച്ചുനിരത്തി കുടിയൊഴിപ്പിച്ചു. കോടതി ഉത്തരവിനെ തുടർന്ന് നടന്ന കുടിയൊഴിപ്പിക്കലിന്റെ ഭാഗമായുണ്ടായ കൈയ്യാങ്കളിയിൽ പരിക്കേറ്റ വൃദ്ധ കൂടല്ലൂർ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
പുന്നത്തുറ കവലക്കു സമീപം തേനാകര മറിയം ലൂക്കായും മകനും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബമാണ് വഴിയാധാരമായത്. ഇവരുടെ മണ്‍കട്ട കൊണ്ട് നിർമിച്ച് പ്ലാസ്റ്റിക് മേഞ്ഞ വീട് ഇടിച്ചു പൊളിച്ചു. കയറിക്കിടക്കാൻ ഇടമില്ലാതായ കുടുംബം വലിച്ചെറിയപ്പെട്ട വീട്ടുസാധനങ്ങളുമായി രാത്രി പത്തിനും പെരുവഴിയിലാണ്.
പുളിങ്ങാപ്പള്ളിൽ കുഞ്ഞുവർക്കി എന്നയാളുടെ പുരയിടത്തിൽ 8.5 സെന്റ് സ്ഥലത്ത് കഴിഞ്ഞ 70 വർഷമായുള്ള കുടികിടപ്പുകാരാണ് ഇവർ. മറിയത്തിന്റെ ഭർത്താവ് ലൂക്ക പുളിങ്ങാപ്പള്ളി കുടുംബത്തിന്റെ വകയായുള്ള പുരയിടത്തിലെ കൃഷിപ്പണികൾക്കായാണ് എത്തിയത്. 24 വർഷം മുന്‍പ് ലൂക്കാ മരിച്ചു.
സ്ഥലമുടമയായ കുഞ്ഞുവർക്കിയുമായി വാക്കാലുള്ള കരാർ പ്രകാരമായിരുന്നു ലൂക്കായും കുടുംബവും 8.5 സെന്റ് സ്ഥലത്ത് താമസം തുടങ്ങിയതെന്ന് മറിയം പറയുന്നു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് കോടതി ഉത്തരവുമായി സ്ഥലമുടമയും കോടതി ഉദ്യോഗസ്ഥരും പോലീസുമടങ്ങുന്ന സംഘം കുടിയൊഴിപ്പിക്കലിനായി എത്തിയത്. വീട്ടിനുള്ളിൽ നിന്ന് തങ്ങളെ സ്ഥലമുടമയുടെ ആളുകൾ ബലമായി പിടിച്ചിറക്കിയെന്ന് ഐസക്ക് പറഞ്ഞു.
വീടിനുള്ളിൽ കിടക്കുകയായിരുന്ന വൃദ്ധയും രോഗിയുമായ അമ്മയെ കട്ടിലോടെ മറിച്ചിടാനുള്ള ശ്രമവും ഇവർ നടത്തി. ഇതിനിടെയാണ് മറിയം നെഞ്ചടിച്ച് വീണതും പരിക്കേറ്റതും. പോലീസിന്റെ സാന്നിധ്യത്തിൽ മാതാവിനെ സ്ഥലമുടമകൾ കയ്യേറ്റം ചെയ്തിട്ടും പോലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ഇതോടെ ഭയന്നു പോയ കുടുംബം വെളിയിലിറങ്ങി. വീട്ടുസാധനങ്ങൾ പുറത്തേക്കു വലിച്ചെറിഞ്ഞശേഷം വീട് ഇടിച്ചു നിരത്തി. ഇന്നലെ രാത്രിയിൽ അവശേഷിക്കുന്ന വീട്ടുസാധനങ്ങൾക്കൊപ്പം പെരുവഴിയിലാണ് കുടുംബം കഴിഞ്ഞത്.
സ്ഥലവുടമയുമായുള്ള തർക്കത്തിൽ താൻ ഇടപെട്ട് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും എന്നാൽ വഴങ്ങിയില്ലെന്നും വാർഡ് കൗണ്‍സിലർ പി എസ വിനോദ് പറഞ്ഞു.
സ്ഥലം വിട്ട് നൽകുകയാണങ്കിൽ നിർദ്ധന കുടുംബത്തിന് വീട് മുൻസിപ്പാലിറ്റിയിൽ നിന്ന് നൽകാമെന്ന് കൗണ്‍സിലർ ധരിപ്പിച്ചെങ്കിലും ഈ നിർദേശം തള്ളിയ സ്ഥലമുടമ ഒഴിപ്പിക്കലിനുള്ള നടപടികൾ സജീവമാക്കുകയായിരുന്നു. കൗണ്‍സിലറുടെ നേതൃത്വത്തിൽ ഇവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.