കൽപ്പറ്റ: വായ്പ എടുക്കാത്ത ആൾ നാലര ലക്ഷം അടക്കണമെന്ന് ആവശ്യപ്പെട്ട്ജില്ലാ ബാങ്ക് നോട്ടീസ്. കോട്ടത്തറ പഞ്ചായത്തിലെ ഈരംകൊല്ലി വിജയനാണ് ഇത് സംബന്ധിച്ച് ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ നിന്നു കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. വിജയൻ ജില്ലാ ബാങ്കിൽ അംഗമോ അക്കൗണ്ട് ഹോൾഡറോ അല്ല.
വനവാസി വിഭാഗത്തിൽപ്പെട്ട ഇയാൾ ജീവിതത്തിൽ ഇതുവരെ ബാങ്ക് വായ്പ എടുത്തിട്ടില്ല. ഈ 22 നാണ് ബാങ്കിൽ നിന്ന് നോട്ടീസ് അയച്ചിരിക്കുന്നത്. വെങ്ങപ്പള്ളി ലേബർ കോണ്ട്രാക്ട് സൊസൈറ്റിക്ക് വേണ്ടി കുന്നുമ്മൽ റോഡ് ടാറിംഗ്, മലങ്കര ചെറുകര റോഡ് ടാറിംഗ് എന്നീ പ്രവൃത്തികൾക്കായി വായ്പയെടുത്തെന്നാണ് കത്തിലുള്ളത്.
പനമരം പഞ്ചായത്ത് അസിസ്റ്റന്റ് എൻജീനിയറുമായി പവർ ഓഫ് അറ്റോണിയുണ്ടെന്നും കത്തിലുണ്ട്. വായ്പാതുക ഏഴ് ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന അറിയിച്ചുകൊണ്ടുള്ള നോട്ടീസ് കിട്ടിയതോടെ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് വിജയൻ.
വായ്പയെടുക്കാത്ത തനിക്ക് നോട്ടീസയച്ച് പീഡിപ്പിക്കുന്ന ബാങ്കിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വിജയൻ പറഞ്ഞു.