ചാവക്കാട്: കെട്ടിടയുടമ വായ്പ എടുത്തത് തിരിച്ചടച്ചില്ല. കടകൾ ഒഴിപ്പിക്കാൻ എത്തിയ ബാങ്ക് അധികൃതരും വ്യാപാരികളും തമ്മിൽ സംഘർഷം. ജപ്തിയുടെ ഭാഗമായി മണത്തല മുല്ലത്തറയിലെ കെട്ടിടത്തിലെ കടമുറികൾ ഒഴിപ്പിക്കാനാണ് കോടതി ഉത്തരവുമായി തൃശൂരിലെ ബാങ്ക് അധികൃതർ എത്തിയത്.
കെട്ടിടം ജപ്തി ചെയ്യുകയാണെന്നും ഒഴിയണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച വൈകിട്ടാണ് വ്യാപാരികൾക്ക് നോട്ടീസ് കൊടുത്തത്. ഒഴിപ്പിക്കാനായി ഇന്നലെ ഉച്ചയ്ക്ക് ബാങ്ക് അധികൃതർ എത്തിയപ്പോൾ ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികളും രംഗത്ത് എത്തി.
കെട്ടിട ഉടമ കുടിശിക വരുത്തിയ വിവരം അറിയില്ലെന്നും കടമുറികൾ ഒഴിയാൻ ആറുമാസം വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. കടകൾ സീൽ വെക്കാൻ പോലീസുമായി എത്തിയപ്പോൾ വ്യാപാരികൾ പ്രതിഷേധിച്ചു. 10 കടമുറിയുള്ള കെട്ടിടത്തിൽ ഏഴു കടകളാണ് പ്രവർത്തിക്കുന്നത്.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഗുരുവായൂർ നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ, ചാവക്കാട് മർച്ചന്റ്സ് ജനറൽ സെക്രട്ടറി ജോജി തോമസ് എന്നിവർ ബാങ്ക് അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്ന് നടപടികൾ തത്കാലം നിർത്തിവച്ചു. ബാങ്ക് അധികൃതർ തിരിച്ച് പോയി. എന്നാൽ കടകൾ ഉടനെ ഒഴിയണമെന്ന നിലപാടിലാണു ബാങ്ക്.