സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ ഏഴുകോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.
നടി ലീന മരിയ പോളിന്റെ ഭർത്താവും വ്യവസായിയുമായ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട സാന്പത്തികതട്ടിപ്പ് കേസിലാണ് ഇഡിയുടെ നടപടി.
തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ചു ജാക്വിലിന് സുകേഷ് 5.71 കോടിയുടെ സമ്മാനങ്ങൾ നൽകിയതായി ഇഡി കണ്ടെത്തിയിരുന്നു.
ഇതിനെത്തുടർന്നു ചോദ്യംചെയ്യലിനു ഹാജരാകണമെന്ന് നടിയോട് ഇഡി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഹാജരാകാതെ കഴിഞ്ഞ ഡിസംബറിൽ രാജ്യത്തിനു പുറത്തേക്കു കടക്കാൻ ശ്രമിച്ച നടിയെ ഇഡിയുടെ നിർദേശപ്രകാരം എമിഗ്രേഷൻ അധികൃതർ മുംബൈ എയർപോർട്ടിൽ തടഞ്ഞു.
തുടർന്ന് ഡിസംബർ എട്ടിന് എൻഫോഴ്്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി ചോദ്യം ചെയ്തിരുന്നു.
റാൻബാക്സി ലബോറട്ടറീസിന്റെ മുൻ ഉടമയും ഫോർട്ടിസ് ഹെൽത്ത് കെയറിന്റെ പ്രമോട്ടറുമായിരുന്ന ശിവേന്ദർ സിംഗിന്റെ ഭാര്യയിൽനിന്നാണു സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പു നടത്താൻ പദ്ധതിയിട്ടത്.
വായ്പാ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കു ജയിലിൽ കഴിയുന്ന ശിവേന്ദർ സിംഗിനെയും സഹോദരൻ മൽവീന്ദർ മോഹൻ സിംഗിനെയും പുറത്തിറക്കാൻ സുകേഷും സംഘവും ശിവേന്ദർ സിംഗിന്റെ ഭാര്യ അതിഥി സിംഗിൽനിന്ന് 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.
ആഭ്യന്തര, നിയമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് സുകേഷും സംഘവും തട്ടിപ്പു നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുകേഷ് ചന്ദ്രശേഖറുടെ പങ്കാളിയായ ലീന മരിയ പോളിനെയും ചോദ്യംചെയ്തിരുന്നു.
കനറ ബാങ്കിന്റെ അന്പത്തൂർ ശാഖയിൽനിന്ന് 19 കോടിയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62 ലക്ഷവും തട്ടിയെടുത്ത കേസിൽ ഇരുവരും അറസ്റ്റിലായിരുന്നു.