ഇന്നും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന ഗാനമാണ് തേസാബ് എന്ന ചിത്രത്തിലെ ഏക് ദോ തീൻ എന്നു തുടങ്ങുന്ന ഗാനം. ആ ഗാനരംഗത്തെ മാധുരി ദീക്ഷിത്തിന്റെ മനോഹരമായ നൃത്തച്ചുവടുകൾ ഇന്നും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ്. വർഷങ്ങൾ പിന്നിട്ടിട്ടും അത്രമാത്രം ജനശ്രദ്ധ ലഭിച്ച ഗാനമാണത്. അതു കൊണ്ടാണ് ഈ ഗാനം ബാഗി 2 വിൽ വീണ്ടും ഉൾപ്പെടുത്തിയത്.
മാധുരി തകർത്താടിയ ഗാനത്തിൽ ജാക്വലിൻ ഫെർണാണ്ടസാണ് ചുവട് വച്ചിരിക്കുന്നത്. ബാഗി 2 വിലെ ഈ ഗാനം പുറത്തിറങ്ങിയതോടെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ പാട്ടിനെതിരേ വിവാദങ്ങളും തലപൊക്കിയിട്ടുണ്ട്. പുതിയ ഏക് ദോ തീൻ എന്ന ഗാനത്തിനെതിരേ പ്രധാനമായും രംഗത്തെത്തിയിരിക്കുന്നത് തേസാബിന്റെ സംവിധായകൻ എൻ.ചന്ദ്രയും നൃത്തസംവിധായകൻ സരോജ് ഖാനുമാണ്.
മാധുരി ദീക്ഷിത്തിന്റെ നൃത്തചുവടുകളെ കൊല്ലുന്നതിനു തുല്യമാണ് പുതിയ ഭാഗത്തിലെ ജാക്വിലിന്റെ പ്രകടനം. മാധുരി മനോഹരമാക്കിയ നൃത്തച്ചുവടുകൾ ജാക്വിലിൻ ലൈംഗിക ചുവടുകളിലേക്ക് തരംതാഴ്ത്തി എന്നാണ് ഇവരുടെ വാദം. വിവാദം ചൂടുപിടിക്കവേ ജാക്വിലിനു പിന്തുണയുമായി ബോളിവുഡ് താരം സൽമാൻഖാൻ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് സൽമാൻ നടിയെ പിന്തുണച്ചിരിക്കുന്നത്.
നൃത്ത സംവിധായകൻ സരോജ് ഖാന്റെ നൃത്തച്ചുവടുകളോട് താരം നീതി പുലർത്തിയെന്നായിരുന്നു സല്ലുവിന്റെ കമന്റ് . വർഷങ്ങൾ പിന്നിട്ടുവെങ്കിലും ഇന്നും ഈ ഗാനത്തിന്റെ ജനപ്രീതിയിൽ അഭിമാനം കൊള്ളുന്നുവെന്നും ഒരിക്കൽ കൂടി എല്ലാവരും ഗാനത്തെ ആസ്വദിക്കണമെന്നും സൽമാൻ ട്വിറ്ററിൽ കുറിച്ചു.ടൈഗർ ഷ്റോഫും ദിഷാ പടാനിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. പഴയ പാട്ടിന്റെ അതേ സൗണ്ട് ട്രാക്കാണ് പുതിയ ഏക് ദോ തീനിലും ഉപയോഗിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അഹമ്മദ് ഖാനാണ്.