എടക്കര: അന്തർ സംസ്ഥാന പാതയായ നാടുകാണി ചുരത്തിൽ മലയിടിച്ചിലിനെത്തുടർന്നു വീണു കിടക്കുന്ന കൂറ്റൻ പാറ അടുത്ത ദിവസം മുതൽ പൊട്ടിച്ചു തുടങ്ങും. ചുരത്തിൽ മൂന്ന് പോയിന്റുകളിലാണ് നിലവിൽ തടസമുള്ളത്. തകരപ്പാടി, തേൻപാറ, ജാറം എിവിടങ്ങളിലെ തടസങ്ങളിൽ തകരപ്പാടിയിൽ താരതമ്യേന ചെറിയ പാറയാണ് റോഡിൽ വീണുകിടക്കുന്നത്. ഇതു വേഗത്തിൽ നീക്കം ചെയ്യാനാകുമെങ്കിലും മറ്റു രണ്ടിടങ്ങളിലെ തടസങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്യാനാകില്ല.
തേൻപാറയുടെ വലിയ ഒരു ഭാഗമാണ് അടർന്നു റോഡിലേക്കു വീണു കിടക്കുന്നത്. ഇവിടെ റോഡ് എത്രമാത്രം തകർന്നുവെന്ന് അറിയണമെങ്കിൽ പാറ നീക്കം ചെയ്യണം. ഈ വലിയ പാറ നിയന്ത്രിതമായ രീതിയിൽ വെടിമരുന്ന് ഉപയോഗിച്ച്് പൊട്ടിക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിനാവശ്യമായ വെടിമരുന്നു കോഴിക്കോട് ജില്ലയിൽ നിന്നാണ് കൊണ്ടുവരുന്നത്.
കോഴിക്കോട് നിന്നു മലപ്പുറം ജില്ലയിലേക്ക് വെടിമരുന്നു എത്തിക്കാൻ കോഴിക്കോട് കളക്ടറുടെ പ്രത്യേക അനുമതി വേണം. ഇവ ലഭ്യമാക്കി ഇന്നു മുതൽ പാറ പൊട്ടിച്ചു തുടങ്ങുമെന്നാണ് കരുതുന്നത്. റോഡ് പുനർനിർമിക്കുന്നതിനു കോടികളുടെ ചെലവു വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ചുരത്തിലെ ജാറത്തിനു താഴെയുള്ള റോഡിലെ വിള്ളൽ കൂടിവരുന്ന സാഹചര്യത്തിൽ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിയന്ത്രിച്ചു പിഡബ്യുഡി ഇന്നലെ മുന്നറിയിപ്പ് ബോർഡ് വച്ചിട്ടുണ്ട്. തേൻപാറയുടെ ഭാഗം പൊട്ടിച്ചു നീക്കം ചെയ്താൽ ഒരു ഭാഗത്തു കൂടി ഗതാഗതം സാധ്യമാകുമോയെന്നു അധികൃതർ പരിശോധിക്കും. ചുരത്തിൽ താൽക്കാലിക ഗതാഗത സംവിധാനമൊരുക്കണമെങ്കിൽ പോലും ആഴ്ചകളെടുക്കുമെന്നാണ് കരുതുന്നത്.