തൃശൂർ: ഭർത്താവിന്റെ ക്രൂരമായ മർദനത്തെത്തുടർന്ന് ശരീരത്തിന്റെ പാതിഭാഗം തളർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയായ പെണ്കുട്ടിയെ ഇന്നു ന്യൂറോ ഓർത്തോ വിഭാഗങ്ങളിലെ വിദഗ്ധർ പരിശോധിക്കും.
കൊല്ലം പുനലൂർ സ്വദേശിനിയായ ചെറുവിള പുത്തൻവീട്ടിൽ ജറീനയാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഗർഭസ്ഥശിശുവിന് തകരാർ സംഭവിച്ചിട്ടില്ലെന്ന നിഗമനത്തിലെത്തിയിരുന്നു.
നാലുമാസം ഗർഭിണിയാണ് ജറീന. ശരീരത്തിന്റെ അരയ്ക്കു താഴേക്കു തളർന്ന സ്ഥിതിയിലാണ് ഇവർ. ഗർഭിണിയായതുകൊണ്ട് സ്കാനിംഗ് നടത്തുന്നിനു ചില പ്രശ്നങ്ങളുണ്ടെന്നു പറയുന്നു. ഗർഭസ്ഥ ശിശുവിനു കുഴപ്പമില്ലെന്ന നിഗമനത്തിലെത്തിയതിനാൽ ജറീനയെ ഇന്നു ന്യൂറോ ഓർത്തോ വിഭാഗങ്ങളിലെ വിദഗ്ധർ പരിശോധിക്കും.
ജറീനയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽനിന്നാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയത്. ഭർത്താവിന്റെ അടിയേറ്റാണ് ഇവരുടെ ശരീരത്തിനു തളർച്ച സംഭവിച്ചതെന്നാണ് പരാതി.
വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശിയായ ഭർത്താവ് അബ്ദുൾ റാസിഖ് ഈ മാസം 19നാണ് പൊന്നാനി പോലീസ് സ്റ്റേഷനു മുന്നിൽവച്ച് യുവതിയെ ക്രൂരമായി മർദുച്ച് അവശയാക്കി നടുറോഡിൽ ഉപേക്ഷിച്ചത്. യുവതിയെ മർദിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റാസിഖിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയും ജറീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഡിസംബറിൽ വിവാഹിതരായ ജറീന ഇപ്പോൾ നാലുമാസം ഗർഭിണിയാണ്. സംശയത്തിന്റെ പേരിലാണ് റാസിഖ് ജറീനയെ മർദ്ദിച്ചതെന്നു പറയുന്നു. ജറീനയെ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തി ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ജറീനയ്ക്കൊപ്പം മാതാപിതാക്കളാണ് ആശുപത്രിയിലുള്ളത്.