ആദിവാസികൾ കൂടുതലുള്ള പ്രദേശമാണു മധ്യപ്രദേശിലെ ജറുവ ഗ്രാമം. 1200 ഓളം പേർ താമസിക്കുന്ന ഈ ഗ്രാമം വർഷങ്ങളായി കുടിവെള്ളക്ഷാമത്തിന്റെ ദുരിതമനുഭവിക്കുന്നു. കുടിവെള്ള സ്രോതസുകളൊന്നും ഗ്രാമപരിധിയിലില്ല. ആകെയുള്ള ആശ്രയം ഗ്രാമത്തിൽനിന്ന് ഒരു കിലോമീറ്റർ ദൂരെയുള്ള ഒരു കുളം മാത്രം.
അതാകട്ടെ അഴുക്കുജലം കെട്ടിക്കിടക്കുന്നതും. ഈ കുളത്തെയാണ് ഇവിടത്തെ ജനങ്ങളും ആടുമാടുകളുമെല്ലാം ദാഹമകറ്റാൻ ആശ്രയിക്കുന്നത്. വേനലാകുന്നതോടെ ഇവിടെ ജീവിതം അതീവ ദുസഹമാകും. ഗ്രാമത്തിലെ സ്ത്രീകളുടെ ഒരു ദിവസത്തിൽ അധിസമയവും വെള്ളം ശേഖരിക്കുന്നതിനുള്ള യാത്രകൾക്കു വേണ്ടിവരുന്നു.
വെള്ളമില്ലാത്ത അവസ്ഥ ഗ്രാമത്തിലെ യുവാക്കൾക്കു മറ്റൊരു വെല്ലുവിളി കൂടി സൃഷ്ടിച്ചിട്ടുണ്ട്. ദാഹജലം കിട്ടാത്ത നാട്ടിലേക്കു വധുവായി എത്താൻ യുവതികൾ തയാറല്ല. ഇനി യുവതികൾ സമ്മതിച്ചാൽത്തന്നെ അവരുടെ ബന്ധുക്കൾ എതിർക്കുന്നു. ജറുവ ഗ്രാമത്തിലെ യുവതികളാകട്ടെ മറ്റു ഗ്രാമങ്ങളിലേക്കു വിവാഹം കഴിച്ചുപോവുകയും ചെയ്യുന്നു.
15 വർഷത്തിലധികമായി തുടരുന്ന ജലക്ഷാമം പരിഹരിക്കാൻ അധികൃതർ ശ്രമം നടത്താതിരുന്നില്ല. എന്നാൽ പാറക്കെട്ടുകൾ നിറഞ്ഞ ഈ പ്രദേശത്ത് അതൊന്നും ഫലപ്രദമായില്ല. ശ്രമം തുടരുകയാണെന്നും ഗ്രാമവാസികളുടെ ദുരിതം അവസാനിപ്പിക്കാനുള്ള മാർഗം കണ്ടെത്തുമെന്നും ജില്ലാ സിഇഒ മനീഷ് ബാഗ്രി പറയുന്നു. ഇത് ഒരുപാട് കേട്ടതാണെന്നും ഇനിയും പിടിച്ചുനിൽക്കാൻ പറ്റില്ലെന്നുമാണു യുവാക്കളുടെ നിലപാട്. അതിനിടെ ജറുവയിലെ യുവാക്കൾ കൂട്ടത്തോടെ നാടുവിടാനൊരുങ്ങുകയാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.