തട്ടമിട്ട് ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ച ജസ്‌ലയ്ക്കു നേരെ സോഷ്യല്‍ മീഡിയ ആങ്ങളമാരുടെ തെറിവിളി, പരാതി നല്കിയതോടെ ഒന്‍പതു പേര്‍ക്കെതിരേ കേസെടുത്ത് മാത്രം പോലീസ് കാര്യങ്ങള്‍ അവസാനിപ്പിച്ചു

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിക്കു സമീപം ഫ്‌ളാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിക്കുനേരെ വധഭീഷണിയെന്നു പരാതി. മലപ്പുറം സ്വദേശിനി ജസ് ലയാണ് മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും നേരിട്ടു പരാതി നല്‍കിയത്. ഫ്‌ളാഷ് മോബ് അവതരിപ്പിച്ചതിനുശേഷം തനിക്ക് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ജീവനു ഭീഷണി ഉയരുന്നുണ്ടെന്നു പെണ്‍കുട്ടി പരാതിപ്പെടുന്നു.

ഐഎഫ്എഫ്‌കെ വേദിയില്‍ തട്ടമിട്ട് ഫ്‌ളാഷ് മോബ് അവതരിപ്പിച്ച ജസ്ലയ്ക്കു നേരെ കഴിഞ്ഞ ദിവസങ്ങളായി കടുത്ത സൈബര്‍ അധിക്ഷേപമാണുണ്ടാകുന്നത്. ലൈവ് വീഡിയോകള്‍ വഴിയും വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ വഴിയും പെണ്‍കുട്ടിക്കെതിരേയും ഇവരുടെ കുടുംബാംഗങ്ങള്‍ക്കെതിരേയും അധിക്ഷേപവും ഭീഷണിയും തുടരുകയാണ്.

മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി തട്ടമിട്ട പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് കളിച്ചതിനെത്തുടര്‍ന്നു അവര്‍ക്ക് നേരേയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായ പ്രതിഷേധം എന്ന നിലയിലാണു ജസ്‌ലയും കൂട്ടരും തിരുവനന്തപുരത്തു ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്.

അതേസമയം, ജസ്ലയ്ക്കു നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വധഭീഷണി ഉയര്‍ത്തിയെന്ന പരാതിയില്‍ ഒന്‍പത് പേര്‍ക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തു. സലീംബാവ, ഫായിസ് ഇടവണ്ണ, ഷംസുദ്ദീന്‍, നാസര്‍ പടിഞ്ഞാറെയില്‍, ഷെരീഫ്, സല്‍മാന്‍, ജിംഷാദ്, ഫൈസല്‍, സൈനുല്‍ ആബിദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് ഇവരെല്ലാവരും എന്ന് പോലീസ് പറഞ്ഞു. മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്‍ക്കരണ കാന്പയിനിന്റെ ഭാഗമായി തട്ടമിട്ട പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് കളിച്ചതിനെ തുടര്‍ന്ന് അവര്‍ക്കു നേരെയുണ്ടായ പ്രതിഷേധം എന്ന നിലയിലാണ് ജസ്ലയും കൂട്ടരും തിരുവനന്തപുരത്ത് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്.

Related posts