പൂച്ചാക്കൽ: വിവാഹദിവസം കാണാതായ വരൻ മോഷ്ടിച്ച ബൈക്കുമായി പിടിയിൽ. പൂച്ചാക്കൽ ചിറയിൽ ജെസിമിനെയാണ് മോഷ്ടിച്ച ബൈക്കുമായി ഇടുക്കി രാജകുമാരിയിൽനിന്നു പൂച്ചാക്കൽ പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 21 ന് ആയിരുന്നു ജെസിമും വടുതല സ്വദേശിയായ യുവതിയും തമ്മിൽ വിവാഹം നിശ്ചയിച്ചിരുന്നത്.
എന്നാൽ വിവാഹദിവസം വരനെ കാണാതാകുകയായിരുന്നു. തുടർന്ന് വിവാഹം മുടങ്ങി. ബന്ധുക്കളുടെ പരാതിയിൽ പൂച്ചാക്കൽ പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: തന്നെ ആരോ തട്ടിക്കൊണ്ടു പോവുകയാണെന്നും രക്ഷിക്കണം എന്നും പറഞ്ഞ് ജെസിം ഒരു വോയിസ് ക്ലിപ്പ് കൂട്ടുകാർക്ക് അയച്ചിരുന്നു.
എന്നാൽ ജെസിം തമിഴ്നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂർ, ഊട്ടി, കേരളത്തിലെ കണ്ണൂർ, തൃശൂർ, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂർ, കർണാടകയിലെ മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
പോലീസ് കണ്ടുപിടിക്കാതിരിക്കാൻ നാല് തവണ ഫോണുകളും സിം കാർഡുകളും മാറ്റി.
തുടർന്ന് നിയമസഭ ഇലക്ഷനു ശേഷം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയ്ദേവിന്റെ നിർദേശപ്രകാരം ചേർത്തല ഡിവൈഎസ്പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചു. പല സംഘങ്ങളായി വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയാണ് ജെസിമിനെ പിടികൂടിയത്.
ചോദ്യം ചെയ്തതിൽ നിന്നു വിവാഹത്തിന് താത്പര്യമില്ലാത്തതു കൊണ്ടാണ് കടന്നു കളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി എന്ന വോയിസ് ക്ലിപ്പ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ അയച്ചതാണെന്നും ജെസിം പറഞ്ഞു.
കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും ജെസിം തൃപ്പൂണിത്തുറ, കണ്ണൂർ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു ബൈക്കുകൾ മോഷ്ടിച്ചതായി കണ്ടെത്തി.
ബൈക്ക് മോഷണം പോയതിന് തൃപ്പൂണിത്തുറയിലും തിരുവല്ലയിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൂച്ചാക്കൽ ഇൻസ്പെക്ടർ ജി.അജി പറഞ്ഞു.
അന്വേഷണ സംഘത്തിൽ എസ്ഐ സജീവ്,എഎസ്ഐ വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നിസാർ, സിവിൽ പോലീസ് ഓഫീസർമാരായ ആനന്ദകൃഷ്ണൻ, അഖിൽ, അനുരാഗ്, ബിജോയ് എന്നിവരും ഉണ്ടായിരുന്നു.
പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി.