കാസർഗോഡ്: റെയിൽവേ ട്രാക്കിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്താം ക്ലാസുകാരന്റെ ദുരൂഹ മരണം കൊലപാതകമാണോയെന്നു പോലീസ് വിശദമായി അന്വേഷിക്കുമെന്ന് കാസർഗോഡ് ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മാങ്ങാട് ചോയിച്ചിങ്കലിൽ ജാഫർ-ഫരീദ ദന്പതികളുടെ മകൻ മുഹമ്മജ് ജസീം(15)നെയാണ് ശനിയാഴ്ച്ച രാത്രിയിൽ വെള്ളക്കെട്ടിൽ മരിച്ചുകിടക്കുന്നതായി സുഹൃത്തുക്കൾ വീട്ടുകാരെ അറിയിച്ചത്.
സംഭവത്തെതുടർന്നു പോലീസ് സർജൻ ഡോ.ഗോപാലകൃഷ്ണപിള്ള സ്ഥലത്തെത്തി പരിശോധന നടത്തുകയും ട്രെയിൻ തട്ടിയാകാം മരണമെന്നു പ്രാഥമികമായി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം കൂടുതൽ വ്യക്തമാകൂ.
ജാസിമിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 16 കാരനും മറ്റു രണ്ടു പേർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.കഞ്ചാവ് ഉപയോഗിച്ചതിനും പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കഞ്ചാവ് ഉപയോഗിക്കാൻ നൽകിയത് ഉൾപ്പെടെ പരിഗണിച്ചാണ് കേസ്.
പോലീസ് ഇക്കാര്യത്തിൽ പഴുതില്ലാത്ത അന്വേഷണം നടത്തുമെന്നും എസ്പി അറിയിച്ചു. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ജസീമിന്റെ ബന്ധുക്കൾ ജില്ലാ പോലീസ് ചീഫിന് പരാതി നൽകി.
ജസീമിന്റെ മരണം: അറസ്റ്റിലായവർ റിമാൻഡിൽ
കാഞ്ഞങ്ങാട്: ജസീമിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അറസ്റ്റിലായ കളനാട്ടെ സമീർ(20), വിനീഷ്(20) എന്നിവരെ ഹൊസ്ദുർഗ് കോടതി രണ്ടാഴ്ച്ചത്തേയ്ക്കു റിമാൻഡു ചെയ്തു. ഇതിൽ 16കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. നേരത്തെ അറസ്റ്റിലായ ജാസിമിന്റെ സഹപാഠിയായ മറ്റൊരു 16കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്.
സമീറിനോട് കഞ്ചാവ് വാങ്ങി റെയിൽവേ ട്രാക്കിനടുത്തുള്ള സ്ഥിരം ഇരിപ്പുകേന്ദ്രത്തിലേക്ക് ഇവർ മൂന്നുപേരും പോയി. എന്നാൽ കഞ്ചാവ് പൊതിയാനുള്ള ചുരുട്ടു കടലാസെടുക്കാൻ ഇപ്പോൾ മൊഴി നൽകിയ 16കാരൻ പോയില്ല. താൻ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും കുട്ടി പോലീസിനോടു പറഞ്ഞു.