കണ്ണൂർ: വാഹനം പാർക്ക് ചെയ്യുന്നതുമായുള്ള തർക്കത്തെ തുടർന്ന് ആയിക്കരയിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു. കണ്ണൂർ സിറ്റി സ്വദേശികളായ രണ്ട് പേർ പിടിയിൽ. ഇന്നലെ അർധരാത്രി 12.30 തോടെയാണ് സംഭവം.
പയ്യാമ്പലത്തെ സുഫിമക്കാനി ഹോട്ടൽ ഉടമ തായത്തെരു ലീഗ് ഓഫീസിന് സമീപത്തെ കലിമയിൽ ജഷീറാണ്(35) കൊല്ലപ്പെട്ടത്. കണ്ണൂർ സിറ്റി സ്വദേശികളായ റാബിഹ്, ഹനാൻ എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി 12.25 ഓടെ ഹോട്ടൽ അടച്ച് വീട്ടിലേക്ക് മടങ്ങവെ ആയിക്കര മത്സ്യ മാർക്കറ്റിന് സമീപത്ത് വച്ച് പ്രതികൾ കാർ തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ മത്സ്യ മാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജഷീറിനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്യുന്നതുമായുള്ള തർക്കമാണ് പിന്നീട് കൊലപാതകത്തിലെത്തിയതെന്നാണ് പ്രഥമിക നിഗമനം. ജഷീറിനെ കുത്തി പ്രതികൾ ഓടി രക്ഷപെടുന്നത് സമീപത്തെ കടയിലെ സിസി ടിവിയിൽ പതിഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ എസിപി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
കൂടുതൽ പേർ സംഭവത്തിൽ ഉൾപെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുവെന്നും പോലീസ് പറഞ്ഞു. പരേതനായ സത്താർ- അഫ്സത്ത് ദമ്പതികളുടെ മകനാണ്.