കൊച്ചി: സര്‍ക്കാരിനു തിരിച്ചടി നല്കി കൊണ്ടു സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതിയുടെ സുപ്രധാനവിധി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ (ഇഡി) ക്രൈംബ്രാഞ്ച് എടുത്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളുമാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഇഡിയുടെ ആവശ്യം പരിഗണിച്ച് നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
ഇഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളുടെ മേല്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി എന്നായിരുന്നു എഫ്ഐആര്‍.
ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ഇഡി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ എത്തിയത്.
പിണറായിവിജയന്, സ്പീക്കര്‍ ശ്രീരാമകൃഷ്ണന് തുടങ്ങിയവരുടെ പേരുകള്‍ പറയണമെന്നു ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഉന്നതവ്യക്തികളുടെ പേരു പുറത്തുവന്നതോടെയാണ് ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഇഡിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കിയത്.
ഹര്‍ജി ഇന്നു രാവിലെയാണ് പരിഗണിച്ചത്. ഇഡിക്കെതിരായ കേസ് റദ്ദാക്കണമെന്ന രാധാകൃഷ്ണന്റെ ഹര്‍ജി ദുരുദ്ദേശ്യപരമാണെന്നു കഴിഞ്ഞ ദിവസം ആഭ്യന്തര അണ്ടര്‍ സെക്രട്ടറി കോടതിയില്‍ വിശദീകരിച്ചിരുന്നു.
വ്യക്തിയെന്ന നിലയിലല്ല, അന്വേഷണ ഉദ്യോഗസ്ഥന് എന്ന നിലയ്ക്കാണു ഹര്‍ജി നല്‍കിയതെന്ന് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഇതിനു മറുപടിയായി പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥര്ക്കെതിരേ ദുരുദ്ദേശ്യത്തോടെ കേസെടുത്തതു ചോദ്യംചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയില്‍ അവകാശമുണ്ട്.
ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നു സ്വപ്നയടക്കമുള്ള പ്രതികളാരും കോടതിയില്‍ പരാതി നല്‍കിയിട്ടില്ല.
ഇഡിക്കെതിരേ കേസെടുത്തത് നിയമവാഴ്ചയെ അട്ടിമറിക്കുകയും ഇഡിയുടെ അന്വേഷണത്തെ തടസപ്പെടുത്തുകയും ചെയ്യും. 2020 ഓഗസ്റ്റ് 12, 13 തീയതികളില്‍ ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നു വനിതാ പോലീസുകാര്‍ നല്കിയ മൊഴി കളവാണ്.
കസ്റ്റഡിയില്‍ ഇഡി ചോദ്യംചെയ്യുമ്പോള്‍ വനിതാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്നു സ്വപ്ന പറഞ്ഞതു കോടതി രേഖപ്പെടുത്തിയിരുന്നു.
ശിവശങ്കര്‍ ജാമ്യത്തിലിറങ്ങിയശേഷം കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കേസെടുത്തത് യാദൃച്ഛികമല്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.