തൃശൂർ: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ച ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഖത്തറിൽനിന്ന് മടങ്ങിയെത്തിയാലുടൻ കസ്റ്റഡിയിലെടുക്കുമെന്ന് സൂചന. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ജാസ്മിൻ ഷാ ഖത്തറിലാണ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ജാസ്മിൻ ഷാ തന്നെ താൻ ഖത്തറിലുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
ഖത്തറിൽനിന്ന് വൈകാതെ നാട്ടിൽ മടങ്ങിയെത്തുമെന്നാണ് ജാസ്മിൻ ഷാ പറയുന്നത്. എത്തിയാലുടൻ ജാസ്മിൻ ഷായെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് സെൻ്ട്രൽ യൂണിറ്റ് കസ്റ്റഡിയിലെടുത്തേക്കും. ജാസ്മിൻ ഷാ വിദേശത്തേക്ക് കടന്നുവെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന്് പറയുന്നു.
എന്നാൽ താൻ വിദേശത്തേക്ക് കടന്നതോ ഒളിവിലോ അല്ലെന്ന് ഷാ ആവർത്തിച്ചിട്ടുണ്ട്. സാന്പത്തിക തട്ടിപ്പു കേസിൽ ജാസ്മിൻ ഷായുടെ ഭാര്യ ഷബ്നയേയും പ്രതിചേർത്തിട്ടുണ്ട്. ഷബ്ന നാട്ടിലെന്നെത്തുമെന്ന് വ്യക്തമല്ല. ജാസ്മിൻ ഷാ അടക്കം നാലുപേർക്കെതിരെയാണ് ലുക്ക് ഒൗട്ട് നോട്ടീസ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്.
2019 ഏപ്രിൽ 11നാണ് യുണെെറ്റഡ് നേഴ്സസ് അസോസിയേഷൻ (യുഎൻഎ) ഫണ്ടിൽ നിന്ന് 3.5 കോടിയോളം രൂപ തട്ടിയതായി പരാതി ഡിജിപിക്ക് ലഭിച്ചത്. ജാസ്മിൻ ഷായുടെ നേതൃത്വത്തിലാണ് സാന്പത്തിക ക്രമക്കേട് നടന്നതെന്ന് ആരോപിച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് സിബി മുകേഷാണ് ഡിജിപിക്ക് പരാതി നൽകിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ക്രൈംബ്രാഞ്ച് എഡിജിപി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ലോക്നാഥ് ബെഹ്റ കേസെടുക്കാൻ ഉത്തരവിട്ടത്. കേസിനെതിരെ പ്രതികൾ കോടതിയെ സമീപിച്ചെങ്കിലും വിശദ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.