വയനാട്ടില്‍ ഇടതുപക്ഷത്തിനായി യുഎന്‍എ ചെയര്‍മാന്‍ ജാസ്മിന്‍ ഷായെ മത്സരിപ്പിക്കാന്‍ നീക്കം. സിപിഐയാണ് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ ചെയര്‍മാനായ ജാസ്മിന്‍ ഷായെ ഇതിനായി സമീപിച്ചിരിക്കുന്നത്. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയിട്ടാണ് ജാസ്മിന്‍ ഷായെ സിപിഐ കാണുന്നത്.
കാലങ്ങളായി വയനാട് യുഡിഎഫിന്റെ കോട്ടയാണ്. പക്ഷേ കഴിഞ്ഞ തവണ എം ഐ ഷാനവാസിന്റെ ഭൂരിപക്ഷത്തിന് ഇടിവ് തട്ടിയിരുന്നു. ഇതാണ് സിപിഐയ്ക്ക് പ്രതീക്ഷ പകരുന്നത്. ജാസ്മിന്‍ ഷായുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ സംഘടിച്ചിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ പൊതുസമക്ഷം അവര്‍ക്ക് അവതരിപ്പിക്കാനായി സാധിച്ചതിന് പിന്നില്‍ ജാസ്മിന്‍ ഷായുടെ മികവുണ്ടെന്നാണ് സിപിഐ വിലയിരുത്തുന്നത്.
സിപിഐ യുഎന്‍എയുടെ സമരങ്ങളെ പിന്തുണച്ചിരുന്നു. ഏകദേശം 50,000 വോട്ടുകളാണ് നഴ്‌സുമാര്‍ക്കും കുടുംബത്തിനും മണ്ഡലത്തിലുള്ളത്. ഇതും ജാസ്മിന്‍ ഷായക്ക് അനുകൂല ഘടകമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും സ്വതന്ത്രനായി ജനവിധി തേടിയ ജാസ്മിന്‍ ഷായക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി മികച്ച വ്യക്തിബന്ധമുണ്ട്. അതേസമയം ഷാ മത്സരിച്ചാല്‍ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന വാദവും ശക്തമാണ്.