തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജാസ്മിൻ ഷായുടെ ഭാര്യക്കെതിരെ കൂടുതൽ തെളിവുകൾ. യുഎൻഎയിൽ നിന്നും വകമാറ്റിയ 74 ലക്ഷം രൂപ ജാസ്മിൻ ഷായുടെ ഭാര്യ ഷബ്നയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായാണ് പുതിയ വിവരം. ഇതിന്റെ ബാങ്ക് രേഖകൾ പുറത്തുവന്നു. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
ആറ് അക്കൗണ്ടുകളാണ് ജാസ്മിൻഷായുടെ ഭാര്യക്കുള്ളത്. ഇതിലേക്ക് കേസിലെ കൂട്ടുപ്രതികളായവർ പണം നിക്ഷേപിച്ചെന്നാണ് സൂചന. കേസിലെ മുഖ്യപ്രതി ജസ്മിൻഷായും കൂട്ടുപ്രതികളും ഖത്തറിൽ കഴിയുകയാണ്. കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് ഇവർ വിദേശത്തേക്ക് മുങ്ങിയത്.
പ്രതികളെ നാട്ടിലെത്തിക്കാൻ ക്രൈംബ്രാഞ്ച് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. ഒാണത്തിന് മുന്പായി നാട്ടിലെത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും അറസ്റ്റ് പേടിച്ച് പ്രതികൾ ഇതുവരെ നാട്ടിലെത്തിയിട്ടില്ല. ഇതിനിടെയാണ് ക്രമക്കേടിന്റെ കൂടുതൽ വിവരങ്ങൾപുറത്തു വരുന്നത്.