കൊച്ചി: സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മുല്ലപ്പൂവിന് തീ വില. ഇന്നലെ കൊച്ചിയില്‍ കിലോയ്ക്ക് 3,000 രൂപയായിട്ടാണ് വില്പന നടന്നത്. ഒരു മീറ്റര്‍ മുല്ലപ്പൂവിന് 100 മുതല്‍ 200 രൂപവരെയായിട്ടാണ് ഇന്നലെ വിറ്റത്. അതേസമയം കഴിഞ്ഞ ശനിയാഴ്ച മുല്ലപ്പൂവില കിലോയ്ക്ക് 6000 രൂപ വരെ എത്തിയിരുന്നു.
മഞ്ഞുവീഴ്ചമൂലം പലയിടത്തും ഉത്പാദനം കുറഞ്ഞു. ചെടികള്‍ നശിക്കാനും തുടങ്ങി. ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച് പൂക്കള്‍ കിട്ടാതായതോടെയാണ് വില പെട്ടെന്ന് കൂടി. ഡിസംബര്‍ ആദ്യവാരത്തോടെയാണ് മുല്ലപ്പൂ വില വര്‍ധിച്ചു തുടങ്ങിയത്. ജനുവരി മാസത്തില്‍ ഇത്തരത്തില്‍ മുമ്പും വില വര്‍ധന ഉണ്ടായിട്ടുണ്ട്.
കോയമ്പത്തൂര്‍, തെങ്കാശി, സത്യമംഗലം, മധുര, ചെന്നൈ എന്നിവടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരള വിപണിയിലേക്ക് മുല്ലപ്പൂ എത്തുന്നത്. ഇവിടെയെങ്കിലും അതി ശൈത്യത്തെത്തുടര്‍ന്ന് വലിയതോതില്‍ കൃഷി നാശം ഉണ്ടായിട്ടുണ്ട്. മുമ്പ് കേരളത്തിലേക്ക് എത്തിയിരുന്ന മുല്ലപ്പൂക്കളില്‍ 20 ശതമാനത്തിലധികം കുറവ് വന്നിട്ടുണ്ടെന്നാണ് പൂ കച്ചവടക്കാര്‍ പറയുന്നത്.
അതോടൊപ്പം കല്യാണ്‍ സീസണ് ആയതോടെയും പൂ വില ഉയരുകയായിരുന്നു. മൂന്നാഴ്ച കൂടി പൂ വില ഉയര്‍ന്നു നില്‍ക്കുമെന്നും അതിനുശേഷം കുറവുണ്ടാകുമെന്ന് പാലാരിവട്ടം ഫ്ളവര്‍ ഹൗസിലെ ലാലന് പറഞ്ഞു. പൂ വില വര്‍ധിച്ചതോടെ എറണാകുളത്തെ പൂക്കച്ചവടക്കാരില്‍ പലരും മുല്ലൂപ്പൂവ് എടുക്കുന്നില്ല. ഈ അവസ്ഥയില്‍ വില കൂട്ടി വില്‍ക്കേണ്ടിവരുമെന്നാണ് പലരും പറയുന്നത്.
സീമ മോഹന്‍ലാല്‍