എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാത്ത സാഹചര്യത്തിൽ കടുത്ത നടപടികളിലേയ്ക്ക് നീങ്ങാൻ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നു. ഇന്നലെ ജാസ്മിൻ ഷാ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, നിഥിൻ മോഹൻ, ജിത്തു എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇന്നലത്തെ പത്രങ്ങളിലൂടെയാണ് ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്.
ഖത്തറിലുണ്ടെന്നാണ് ജാസ്മിൻ ഷാ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഉടൻ തിരിച്ചുവരുമെന്ന അതിൽ പറയുന്നുമുണ്ട്. ഖത്തറിൽ നിന്ന് എത്താൻ വൈകുന്ന പക്ഷം ഇന്റർപോളിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിനുള്ള നടപടികൾ ക്രൈബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ കേസിലെ മറ്റു പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാനുള്ള നടപടികളും ഊർജ്ജിതമാക്കും.
യുഎൻഎയുടെ അക്കൗണ്ട് പരിശോധനയിലാണ് ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേയ്ക്ക് പണം ട്രാൻസ്ഫർ ചെയ്തത് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ജാസ്മിൻ ഷായുടെ ഭാര്യയെ കേസിൽ അഞ്ചാം പ്രതിയാക്കിയിട്ടുണ്ട്. ഇവരോടും ഉടൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ ജാസ്മിൻ ഷാ രാജ്യത്തെ ഏതു വിമാനത്താവളത്തിൽ വിമാനമിറങ്ങിയാലും കസ്റ്റഡിയിലെടുക്കാനുള്ള നടപടിക്രമങ്ങളെല്ലാം ക്രൈംബ്രാഞ്ച് സ്വീകരിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ഫേസ്ബുക്കിലൂടേയും മാധ്യമങ്ങളിലൂടേയും പറയുന്നതല്ലാതെ ജാസ്മിൻഷാ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ആവർത്തിക്കുകയാണ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം.
ഫേസ് ബുക്കിലൂടെ അന്വേഷണവുമായി സഹകരിക്കുകയാണ് പറയാതെ അന്വേഷണ സംഘത്തിനു മുന്നിൽ എത്രയും വേഗം ഹാജരാകാനാണ് ജാസ്മിൻഷാ ചെയ്യേണ്ടതെന്നാണ് ക്രൈം ബ്രാഞ്ച് സംഘം പറയുന്നത്.യു.എൻ.എ. ഫണ്ടിൽനിന്ന് 3.5 കോടിയോളം രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്.
ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിലാണു സാമ്പത്തിക ക്രമക്കേടു നടന്നതെന്ന് ആരോപിച്ച് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തിരുവനന്തപുരം വെടിവച്ചാൻകോവിൽ പരൂർക്കുഴി മേലേപാണുവിൽവീട്ടിൽ സിബി മുകേഷ് ആണ് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകിയത്.