കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) സാമ്പത്തിക തട്ടിപ്പ് കേസിൽ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ ഭാര്യ ഷബ്നയേയും പ്രതിചേർത്തു. കേസിലെ എട്ടാം പ്രതിയാക്കിയാണ് ഉൾപ്പെടുത്തിയത്. തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. ഇവർക്ക് പുറമേ യുഎൻഎ സംസ്ഥാന സെക്രട്ടറി സുജനപാൽ, ട്രഷറർ ബിപിൻ എം.പോൾ, മുൻ സംസ്ഥാന സെക്രട്ടറി സുധീൻ എന്നിവരേയും കേസിൽ പ്രതിചേർത്തു.
യുഎൻഎ അക്കൗണ്ടിൽ നിന്ന് 55 ലക്ഷം രൂപ ജാസ്മിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയതായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കേസിലെ രണ്ടും മൂന്നും നാലും പ്രതികൾ വഴിയാണ് പണം പിൻവലിച്ച് വിദേശത്തുള്ള ഷബ്നയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചത്. കണക്കിൽപ്പെട്ടും പെടാതെയും മൊത്തം 72 ലക്ഷത്തോളം രൂപയാണ് അക്കൗണ്ടിൽ കണ്ടെത്തിയത്.
ഷബ്നയുടെ പേരിൽ നാലു ഫ്ലാറ്റുകൾ തൃശൂരിലുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഷബ്നയുടെ പേരിലുള്ള ഒരു ഫ്ലാറ്റ് പിന്നീട് സംസ്ഥാന ട്രഷറർക്ക് കൈമാറിയതായും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. യുഎൻഎയുടെ ഫണ്ടിൽനിന്ന് മൂന്നരക്കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയെന്നതാണ് ജാസ്മിൻ ഷാ അടക്കമുള്ളവർക്കെതിരായ ആരോപണം.
കേസിലെ ഒന്നാം പ്രതി ജാസ്മിൻ ഷായെ കൂടാതെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിന് ഷായുടെ ഡ്രൈവര്‍ നിധിന് മോഹൻ, ഓഫീസ് ജീവനക്കാരന് ജിത്തു എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികൾ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം.