കൊച്ചി: വാൽപ്പാറയിൽ സ്കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജാമ്യം. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി സഫർ ഷായ്ക്കു ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടിയത്.
കേസിൽ 90 ദിവസം പൂർത്തിയാക്കുന്നതിന് മുന്‍പ് തന്നെ അന്വേഷണ ഉദ്യോഗസ്ഥർ വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ പ്രോസിക്യൂട്ടർ കോടതിയിൽ മൗനം പാലിച്ചതോടെ പ്രതിക്കു ജാമ്യം ലഭിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സഫർ ഷാ ജനുവരി എട്ടിനാണ് അറസ്റ്റിലായത്. കേസിൽ 90 ദിവസം പൂർത്തിയാകുന്ന ഏപ്രിൽ എട്ടിനു മുന്‍പുതന്നെ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
എന്നാൽ ഇക്കാര്യം ഹൈക്കോടതിയിൽ പ്രതിഭാഗം മറച്ചുവച്ചപ്പോൾ പ്രോസിക്യൂഷനും അതിനെ പിന്തുണയ്ക്കുകയായിരുന്നു. അതേസമയം, പ്രതിയുടെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപ്പീൽ നൽകാനാണ് പോലീസിന്റെ തീരുമാനം.
എറണാകുളം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട് അതിർത്തിയിലെ വാൽപ്പാറയിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.