കോട്ടയം: ജസ്ന തിരോധാനക്കേസില്‍ സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ജസ്നയുടെ അച്ഛന്റെ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി ഇന്നു പരിഗണിക്കും.
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ടു പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നും ജസ്നയെ കാണാതായ സ്ഥലത്തോ, ജസ്നയുടെ സുഹൃത്തിനെപ്പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നും പരാതിയിൽ പറയുന്നു.
എന്നാല്‍ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം. ഹര്‍ജിയില്‍ സിബിഐ ഇന്ന് വിശദീകരണം സമര്‍പ്പിക്കും. തിരോധാനത്തിനു പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്കു പങ്കുണ്ടെന്നതിനോ മതപരിവര്‍ത്തനം നടത്തിയതിനോ തെളിവില്ല.
ജസ്ന മരിച്ചെന്നും കണ്ടെത്താനായിട്ടില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ ജസ്നയെ കണ്ടെത്താനായില്ല എന്ന നിഗമനത്തില്‍ സിബിഐ നല്കുന്ന വിശദീകരണ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാണ്. 2018 മാർച്ച് 22നാണ് പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനി ജസ്നയെ കാണാതാകുന്നത്.