കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ കാറിനു നേരെ കരി ഓയിൽ പ്രയോഗം. ജസ്റ്റീസ് വി. ഷേർസിയുടെ കാറിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ബുധനാഴ്ച രാവിലെ ഹൈക്കോടതി ഗേറ്റിന് മുൻപിലാണ് സംഭവം. ഗേറ്റ് കടന്ന് വരികയായിരുന്ന കാറിനു നേരെ ഒരാൾ പാഞ്ഞുവരികയും കരിഓയിൽ ഒഴിക്കുകയുമായിരുന്നു. ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി എത്തിയായിരുന്നു പ്രതിഷേധം.
കോട്ടയം എരുമേലി സ്വദേശി ആർ. രഘുനാഥൻ നായർ എന്നയാളാണ് കരിഓയിൽ ഒഴിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
എരുമേലി മുക്കൂട്ടുതറ സ്വദേശിനിയായ ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് അടുത്തിടെ ഹേബിയസ് കോർപസ് ഹർജി സമർപ്പിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. സാങ്കേതിക പിഴവുകൾ ഉള്ള ഹർജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയത്തോടെ ആണ് ഹർജി പിൻവലിച്ചത്.
ഈ ഹർജി പരിഗണിച്ചിരുന്നത് ജസ്റ്റീസ് വി. ഷേർസിയായിരുന്നു എന്ന് കരുതിയാണ് രഘുനാഥൻ ആക്രമണത്തിന് തുനിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. അതേസമയം, ജസ്റ്റിസ് വിനോദ് ചന്ദ്രൻ, എം.ആർ. അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അന്ന് ഹർജി പരിഗണിച്ചത്.