പൂർണഗർഭിണിയായ ആ സ്ത്രീക്ക് താൻ ആശുപത്രിയിൽ എത്തുന്നതിനു മുന്പേ കുട്ടി ഉദരത്തിൽ നിന്നും പുറത്തുവരുമെന്ന് ഉറപ്പായിരുന്നു. കടുത്ത വേദന അനുഭവിച്ച് അവർ കിടക്കുന്പോൾ ആസമയമത്രെയും അവർക്ക് സഹായമായി ഒപ്പമുണ്ടായിരുന്നത് ഭർത്താവായിരുന്നു. ആശുപത്രിയിൽ എത്തിയിട്ടേ പ്രസവിക്കു എന്നു പറഞ്ഞ് അദ്ദേഹം അവരെ സമാധാനിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കാനെ അദ്ദേഹത്തിനായുള്ളു. പ്രസവമുറിയിലേക്കുള്ള വരാന്തയിൽ വെച്ച് അവർ നിലത്ത് കിടന്ന് ഒരു കുട്ടിക്ക് ജന്മം നൽകി.
അമേരിക്കയിലെ കാൻസാസിലെ റിലെയ് സ്വദേശിനിയായ ജസീക്ക ഹോഗൻ ആണ് ആശുപത്രിയിൽ നിലത്തു കിടന്ന് കുട്ടിക്ക് ജന്മം നൽകിയത്. മാൻഹട്ടനിലെ ക്രിസ്തി ആശുപത്രിയിലാണ് സംഭവം. അഞ്ച് കുട്ടികളുടെ അമ്മയായ ജസീക്ക ഹോഗന് പ്രസവത്തെക്കുറിച്ച് ആശങ്കകളേതുമില്ലായിരുന്നു.
പ്രസവതിയതിക്കു കുറേ നാൾ മുന്പേ ഭർത്താവ് ട്രിവിസിനൊപ്പം ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ പ്രസവത്തിന് ഇനിയും ദിവസങ്ങൾ ഉണ്ട് എന്നുപറഞ്ഞ് അധികൃതർ അവരെ വീട്ടിലേക്കു തിരിച്ചയച്ചു. എന്നാൽ രാത്രിയായപ്പോഴേക്കും ജെസിക്കയ്ക്ക് പ്രസവവേദന ആരംഭിച്ചു. ഉടൻ തന്നെ ജെസിക്കയെ കാറിൽ കയറ്റി ഭർത്താവ് ആശുപത്രിയിലേക്ക് വാഹനം പായിച്ചു. എന്നാൽ യാത്രാ മധ്യ ശരീരത്തിൽ നിന്നും അമ്നിയോട്ടിക് ദ്രാവകം പുറത്തേക്കു വന്ന ജസീക്ക ഏതു നിമിഷവും താൻ പ്രസവിക്കുമെന്ന് ഭർത്താവിനോട് പറഞ്ഞുകൊണ്ടേയിരുന്നു.
ഈ സമയമത്രെയും ജസീക്കയ്ക്ക് ഭർത്താവ് ധൈര്യം പകർന്നു നൽകുകയായിരുന്നു. എന്നാൽ വാഹനം ആശുപത്രി വളപ്പിലെത്തിയപ്പോഴേക്കും കുട്ടിയുടെ തല പുറത്തേക്കു വരുന്നതായി ജസീക്കയ്ക്ക് അനുഭവപ്പെട്ടു. ശരീരത്തിൽ നിന്നും പുറത്തേക്കു വന്നുകൊണ്ടിരുന്ന കുട്ടിയെ പിടിക്കാൻ അവർ ഭർത്താവിന് നിർദ്ദേശം നൽകി. എത്രയും വേഗം ജസീക്കയെ പ്രസവമുറിയിൽ പ്രവേശിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചുവെങ്കിലും അതിനു മുൻപേ വരാന്തയിൽ വെച്ച് ജസീക്ക കുട്ടിക്ക് ജന്മം നൽകുകയായിരുന്നു. സംഭവം കണ്ട് നഴ്സ് ഓടി വന്നെങ്കിലും അതിനു മുന്പേ ജസീക്ക കുട്ടിക്ക് സുരക്ഷിതമായി ജന്മം നൽകിയിരുന്നു. ഒപ്പം സഹായമായി ഭർത്താവും.
എനിക്ക് ഭർത്താവിനോടാണ് നന്ദി പറയേണ്ടതെന്ന് ജസീക്ക പറയുന്നു. അദ്ദേഹം യാതൊരു അറപ്പും മടിയും കൂടാതെയാണ് കുട്ടിയെ സംരക്ഷിച്ചത്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സഹായം കുട്ടിജനിച്ചതിനു ശേഷമാണ് എനിക്ക് ലഭിച്ചത്. എനിക്കുറപ്പുണ്ട് ലോകത്തിലെ ഏറ്റും മികച്ച ഭർത്താവും അച്ഛനുമാണ് അദ്ദേഹം. അത്രത്തോളം വലുതാണ് അദ്ദേഹം ഞങ്ങൾക്കു നൽകുന്ന കരുതലും സ്നേഹവുമെന്ന് ജസീക്ക കൂട്ടിച്ചേർത്തു. സംഭവം സോഷ്യൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഭാര്യയെ ജീവനേക്കാൾ കൂടുതൽ സ്നേഹിക്കുന്ന ഭർത്താവിന് അഭിനന്ദനപ്രവാഹമാണ്.