ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ചികിത്സ വൈകിപ്പിച്ചെന്ന ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് വി.കെ. ശശികല തള്ളി.
“ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല. ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ മെഡിസിൻ പഠിച്ചിട്ടില്ല.
ചികിത്സാ സംബന്ധമായ എല്ലാ നടപടികളും സ്വീകരിച്ചത് മെഡിക്കൽ സംഘമാണ്. അമ്മ (ജയലളിത)യ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം.
വിദേശത്തു കൊണ്ടുപോയി ചികിത്സിക്കുന്നതിനും ഞാൻ തടസം നിന്നിട്ടില്ല.’ മൂന്നു പേജുള്ള പ്രസ്താവനയിൽ ശശികല വ്യക്തമാക്കി.
ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള വിദഗ്ധ ഡോകട്റുടെ നിർദേശം ശശികല ഇടപെട്ട് തടഞ്ഞുവെന്നായിരുന്നു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്.
ജയലളിതയുടെ മരണത്തിൽ കുറ്റക്കാരിയാണെന്ന കമ്മീഷൻ റിപ്പോർട്ട് തള്ളിയ ശശികല, ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും വ്യക്തമാക്കി.
സൗഹൃദത്തിന്റെ മാതൃകയായിരുന്നു താനും ജയലളിതയുമെന്നും, തങ്ങളെ വേർപെടുത്താൻ നിരവധി ശ്രമങ്ങൾ നടന്നിരുന്നതായും ശശികല പറഞ്ഞു.
ജയലളിതിയുടെ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രി തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട ആരോപണത്തിൽ, ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആശുപത്രിയാണതെന്നാണ് ശശികലയുടെ വിശദീകരണം.