ചെന്നൈ: അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽനിന്നും ജാതിവെറിയുടെ മറ്റൊരുകഥ കൂടി പുറത്തേക്ക്. കോയമ്പത്തൂരിൽ ദളിതനായ സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് കാല് പിടിപ്പിച്ചു.
ഗൗണ്ടര്‍ സമുദായക്കാരനോട് ഭൂരേഖകള്‍ ആവശ്യപ്പെട്ടതാണ് കാരണം. മാപ്പു പറഞ്ഞില്ലെങ്കില്‍ തീകൊളുത്തുമെന്നും ഭീഷണിപ്പെടുത്തി.
കോയമ്പത്തൂരിലെ അന്നൂർ വില്ലേജ് ഓഫീസിലായിരുന്നു പൈശാചിക സംഭവങ്ങൾ അരങ്ങേറിയത്.പൊട്ടിക്കരഞ്ഞ് ദളിത് ഉദ്യോഗസ്ഥൻ ഗൗണ്ടര്‍ സമുദായക്കാരനായ ഒരാളുടെ കാല് പിടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഗൗണ്ടർ വിഭാഗക്കാരനായ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റന്റ് മുത്തുസ്വാമിയെക്കൊണ്ട് കാല് പിടിപ്പിച്ചത്. വീടിന്റെ രേഖകൾ ശരിയാക്കാനാണ് വില്ലേജ് ഓഫീസിൽ ഗോപിനാഥ് എത്തിയത്.
രേഖകൾ ഹാജരാക്കാൻ വില്ലേജ് ഓഫീസർ പറഞ്ഞു. എന്നാൽ പ്രകോപിതനായ ഗോപിനാഥ് വില്ലേജ് ഓഫീസറെ അസഭ്യം പറഞ്ഞു. തർക്കത്തിനിടെ ഇടപെട്ട വില്ലേജ് അസിസ്റ്റന്റ് മുത്തുസ്വാമി ഇത് തടയാൻ ശ്രമിച്ചു.
ഇതോടെയാണ് ഗോപിനാഥ് പ്രകോപിതനായത്. ജോലി കളയിക്കുമെന്ന് മുത്തുസ്വാമിയെ ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് മുത്തുസ്വാമിയെക്കൊണ്ട് ഗൗണ്ടർ കാല് പിടിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ കോയമ്പത്തൂര്‍ കളക്ടർ ഡോ.ജി.എസ്.സമീരന് അന്വേഷണം പ്രഖ്യാപിച്ചു.