തേഞ്ഞിപ്പലം: കാലിക്കട്ട്് സർവകലാശാലയിലെ ഗവേഷക വിദ്യാർഥികളോടു ജാതിവിവേചനം കാട്ടുകയും സ്ഥിരമായി മോശമായി പെരുമാറുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന ബോട്ടണി പഠന വിഭാഗം അധ്യാപിക ഡോ. ഷാമിനയുടെ പരാതിയിൽ വിദ്യാർഥികൾക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.
രജിസ്ട്രാർ ഡോ. സി.എൽ ജോഷി മുഖേന അധ്യാപിക നൽകിയ പരാതിയിൽ മൂന്നു ഗവേഷക വിദ്യാർഥികൾക്കും പ്രതിഷേധിച്ചവരിൽ കണ്ടാലറിയാവുന്ന മുപ്പതോളം മറ്റു വിദ്യാർഥികൾക്കെതിരെയുമാണ് കേസ്. ബോട്ടണി പഠന വിഭാഗം ഓഫീസിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് അധ്യാപികയുടെ പരാതി.
പരാതി പ്രകാരം കേസെടുത്തതിനെ തുടർന്നു തേഞ്ഞിപ്പലം ഇൻസ്പെക്ടർ ഓഫ് പോലീസ് പി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി സർവകലാശാല കാന്പസിലെത്തിയ പോലീസ് പരാതിക്കാരിയായ അധ്യാപികയിൽ നിന്നും സഹ അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും മൊഴിയെടുത്തു.
എന്നാൽ അധ്യാപികക്കെതിരെ രജിസ്ട്രാർ മുഖേന വിദ്യാർഥികളും പോലീസിൽ ഉടൻ പരാതി നൽകുമെന്നാണ് വിവരം.