കൊല്ലങ്കോട്: ചക്ലിയ സമൂദായത്തിനു നേരെയുള്ള അയിത്തത്തിന്റെ നിജസ്ഥിതിയറിയാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെത്തി. രാവിലെ എട്ടോടെ പാർട്ടി ജില്ലാ നേതാക്കൾക്കൊപ്പം കോളനിയിലെത്തിയ രമേശ് ചെന്നിത്തല കോളനിക്കാരുടെ ദുരിതങ്ങൾകേട്ടു.
ജാതിവിവേചനം നിർഭാഗ്യകരമാണെന്നും സംഭവത്തെപ്പറ്റി സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിനുപുറമെ പട്ടികജാതി-വർഗ്ഗവകുപ്പും സംഭവം അന്വേഷിക്കണം. ഒരിക്കലും അംഗീകരിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചിരിക്കുന്നത്. അയിത്തത്തെ സിപിഎംപോലെയുള്ള പാർട്ടി ന്യായീകരിക്കുന്നത് ശരിയല്ല. ആ നിലപാട് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ ഉൾപ്പടെയുള്ള നേതാക്കൾ അനുഗമിച്ചു. കോളനിയിലെ അയിത്തത്തിനെതിരേ കോണ്‍ഗ്രസ് പ്രത്യക്ഷ സമരരംഗത്തുണ്ട്. വർഷങ്ങളായി തുടർന്നു വരുന്ന അയിത്തത്തിനെതിരേ ഇത്തവണ സമരത്തിനു തുടക്കമിട്ടതു കോണ്‍ഗ്രസാണ്. അയിത്താചരണത്തിനെതിരേ കഴിഞ്ഞ ദിവസം ബിജെപിയും വെൽഫെയർ പാർട്ടിയും തമിഴ്നാട്ടിലെ ദളിത് വിടുതലെ കക്ഷിയും രംഗത്തുവന്നിരുന്നു.
മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെയും രംഗപ്രവേശം. അംബേദ്കർ കോളനിയിലെ ദളിത് കുടുംബങ്ങളോടുള്ള അവഗണനക്കെതിരേ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കഴിഞ്ഞ ദിവസം മാർച്ചും ധർണയും നടത്തിയിരുന്നു. കോളനിക്കാർക്കു സഹായവാഗ്ദാനവും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ഏതുനിമിഷവും അപകടത്തിൽപെടാവുന്ന കോളനിയിലെ ഇരുപത്തിനാലോളംവീടുകൾ പുനർനിർമിക്കാനാണ് കോണ്‍ഗ്രസ് സഹായമൊരുക്കുക.