കാലടി: ജാതിപരിപ്പിന്റെയും പത്രിയുടെയും ലഭ്യത കുറഞ്ഞതോടെ ജാതി ഉൽപന്നങ്ങളുടെ വില കുതിച്ചുയർന്നു. ഫ്ളവർമഞ്ഞ നിലവാരമുള്ളതിന് 2100 രൂപ വരെയും അല്ലാത്തവയ്ക്ക് 1700 രൂപയും വില കഴിഞ്ഞ ദിവസം വന്നിരുന്നു. ചുവപ്പിന് നിലവാരമുള്ളതിന് 1800 രൂപയും അല്ലാത്തവക്ക് 1600 രൂപയുമാണ് വിപണിയിലെ വില.
ഇപ്പോൾ വില അൽപം താണെങ്കിലും വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. കയറ്റുമതി വർധിച്ചതോടെ ആവശ്യത്തിനു ജാതി പത്രി ലഭിക്കുന്നില്ല. കഴിഞ്ഞ വർഷത്തെ പ്രളയത്തെ തുടർന്ന് ജാതി മരങ്ങൾക്ക് കേടുകൾ സംഭവിച്ച് കായ്ഫലം കുറഞ്ഞതാണ് പ്രധാന കാരണം.
പ്രളയത്തിൽ ദിവസങ്ങളോളം രാസമാലിന്യങ്ങൾ കലർന്ന വെള്ളത്തിൽ ജാതിത്തോട്ടങ്ങൾ മുങ്ങി കിടന്നതിനാൽ കായ്ഫലം കുറഞ്ഞു. കൂടാതെ മരങ്ങളിലെ ഇലകളും കൊഴിയുന്നുണ്ട്. മരങ്ങളിൽ ഉണ്ടാകുന്ന ജാതിക്കായകൾക്ക് വലുപ്പം കുറവാണ്. അതിനാൽ തുക്കവും കുറഞ്ഞതായി കർഷകർ പറയുന്നു. ജാതി പരിപ്പിന് 450 രൂപ വരെയും തൊണ്ടുള്ള കായക്ക് 250 രൂപയായും വില ഉയർന്നിട്ടുണ്ട്. ജാതി പത്രി മഞ്ഞക്ക് 1100 രൂപയും ചുവപ്പിന് 1000 രൂപയുമാണ് വില.
ആയുർവേദ മരുന്നുകളുടെ നിർമാണത്തിനും മസാലക്കൂട്ടുകൾക്കും ജാതി പത്രി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ജാതിക്ക വ്യപാരത്തിന്റെ പ്രധാന കേന്ദ്രമായ കാലടിയിൽ വില ഉയർന്നു നിൽക്കുന്നുണ്ടെങ്കിലും ചെറുകിട കച്ചവടക്കാരും വിവിധയിടങ്ങളിൽ നിന്നും ഇവിടെ വ്യാപാരത്തിനായി എത്തുന്നവരുടെയും എണ്ണം വളരെ കുറവാണ്. മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായി വില വർധിച്ചിട്ടും വ്യാപാരമാന്ദ്യമാണെന്നാണ് വൻകിട കച്ചവടക്കാർ പറയുന്നത്.