തൊടുപുഴ: വീടിന്റെ മുൻവാതിലിൽ നിന്ന് വിചിത്ര ഭാഷയിലെഴുതിയ കത്ത് കണ്ടെത്തിയത് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി.
തൊടുപുഴ സഹകരണ ആശുപത്രിക്ക് എതിർവശത്തുള്ള തച്ചേട്ട് ജി. ബിജുമോന്റെ വീട്ടിൽ നിന്നാണ് ചോരപ്പാടുകൾ പോലെ തോന്നിക്കുന്ന നിറത്തിലുള്ള തുണ്ടുപേപ്പറിൽ അവ്യക്തമായ ഭാഷയിൽ കത്ത് ലഭിച്ചത്.
ഇന്നലെ രാവിലെ മുൻവാതിൽ തുറക്കാനാകാതെ വന്നപ്പോൾ പിൻവാതിൽ തുറന്ന് മുൻവശത്തെത്തി ബിജുമോൻ നോക്കിയപ്പോഴാണ് വാതിലിന്റെ ഓടാന്പലിട്ട് അതിനിടയിൽ നിന്ന് നൂലിൽ കെട്ടിയ നിലയിൽ കത്ത് ലഭിച്ചത്.
വ്യക്തമല്ലാത്ത ഭാഷയിൽ ഏതാനും വാക്കുകൾ എഴുതിയ ശേഷം ഒപ്പ് പോലെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭിത്തിയിൽ വിരലടയാളങ്ങളുമുണ്ട്. മൂന്ന് ദിവസം മുന്പും രാവിലെ ഇതേ പോലെ വീടിന്റെ വാതിൽ മുൻവശത്ത് നിന്ന് ആരോ ഓടാന്പലിട്ടതായി ബിജുമോൻ പറഞ്ഞു.
സംഭവത്തെത്തുടർന്ന് ബിജുമോൻ ഇന്നലെ തൊടുപുഴ പോലീസിൽ പരാതി നൽകി. ആരോ പേടിപ്പിക്കാനായി ചെയ്ത സംഭവമാണിതെന്നും കത്തിലുള്ളത് ചോരപ്പാടുകളല്ലെന്നും തൊടുപുഴ സിഐ സുധീർ മനോഹർ പറഞ്ഞു.
പ്രദേശത്ത് സിസിടിവി കാമറ സ്ഥാപിക്കാൻ നിർദേശം നൽകിയതായും സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരാതി നൽകിയിട്ടും പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ബിജുമോൻ പറഞ്ഞു.