കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ പരോളില്‍ പോയ അന്തേവാസികള്‍ തിരികെ പ്രവേശിക്കുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധനാഫലം വേണമെന്ന് നിര്‍ദേശം.
ജയില്‍ ഡിജിപി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് ഇത് സംബന്ധിച്ച് ഡിഐജിമാര്‍ക്കും ജയില്‍ സൂപ്രണ്ടുമാര്‍ക്കും നിര്‍ദേശം നല്‍കിയത്.
48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഹാജരാക്കുന്നത് അഭികാമ്യമാണെന്നും പരോളിലുള്ള എല്ലാ അന്തേവാസികള്‍ക്കും ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നല്‍കണമെന്നും ഡിജിപി ഉത്തരവിട്ടു.
ജയിലില്‍ പ്രവേശിക്കുന്നവരെ ചുരങ്ങിയത് ഏഴ് ദിവസം നിരീക്ഷണത്തില്‍ താമസിപ്പിക്കണം.
ആവശ്യമെങ്കില്‍ സ്രവ പരിശോധന നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
ജയിലുകളിലെ മെഡിക്കല്‍ ഓഫീസര്‍മാരും മറ്റ് പാരാമെഡിക്കല്‍ ഉദ്യോഗസ്ഥരും തടവുകാരെ പുന:പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍കരുതലുകള്‍ സ്വീകരിക്കണം.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി സംഘടിപ്പിക്കണം. പരോളില്‍ പോയവര്‍ ജയിലിന് പുറത്ത് വാക്സിന് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കൂടി ഹാജരാക്കാന്‍ മുന്‍കൂട്ടി നിര്‍ദേശം നല്‍കണം.
ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിച്ചുറപ്പു വരുത്തണമെന്നും ഡിജിപി നിര്‍ദേശിച്ചു.
ആദ്യഡോസ് വാക്സിന് സ്വീകരിച്ചിട്ടുള്ളവര്‍ക്ക് കൃത്യസമയത്ത് തന്നെ രണ്ടാം ഡോസ് വാക്സിന് നല്‍കുന്നതിനും വാക്സിനേറ്റഡ് അല്ലാത്തവര്‍ക്ക് അടിയന്തിരമായി ആദ്യഡോസ് വാക്സിന് നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും ഉത്തരവിലുണ്ട്.
അതത് ജയില്‍ സൂപ്രണ്ടുമാര്‍ ഈ വിവരങ്ങള്‍ ഡിഐജിമാര്‍ മുഖേന ജയില്‍ ആസ്ഥാനത്ത് സമര്‍പ്പിക്കണം.