പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിനെതിരെ സുപ്രീംകോടതിയിലുളള പുന:പരിശോധന ഹർജി അനുകൂലമാകാൻ പൊൻകുന്നം ജഡ്ജിയമ്മാവൻ നടയിൽ മകരവിളക്ക് ദിവസം നാരായണീയ പാരായണ യജ്ഞവും വഴിപാടുകളും നടത്തുമെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ അറിയിച്ചു.
രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതു വരെയാണ് നാരായണീയ പാരായണം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വരുന്നതു വരെയോ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുന്നതുവരെയോ താൻ ശബരിമലയിലേക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് യുവതികൾ പ്രവേശിച്ചാൽ ശബരിമലയിലേക്ക് പോകില്ലെന്ന് പ്രയാർ ഗോപാലകൃഷ്ണൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കോണ്ഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.