ചാത്തന്നൂർ: പാരിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്തം (ഹൈപ്പെറ്റിറ്റി സ്-എ) പടരുന്നു. പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മാത്രം ഇതുവരെ 19 പേർ രോഗബാധിതരായി എത്തി. രോഗം സ്ഥിരീകരിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു.കൂടുതൽ പേർക്ക് രോഗം പിടിപെടാൻ സാധ്യതയുള്ളതായി പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു.
രോഗം പിടിപ്പെട്ടാൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ 45 ദിവസം വരെ എടുക്കുമെന്നാണ് പറയുന്നത്.പാരിപ്പള്ളിക്ക് തൊട്ടടുത്തുള്ള ചാവർകോട്ട് ഒരു കോളേജിലെ 50-ഓളം വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു. തോണിപ്പാറ പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ നടത്തിയ പരിശോധനയിൽ കാൻറീനിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് രോഗബാധ ഉണ്ടായതെന്ന് കണ്ടെത്തി. കാന്റീൻ അടപ്പിച്ചു. ഇതോടെ കോളേജും അടച്ചു.
പാരിപ്പള്ളിയിൽ മടത്തറ റോഡിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഒരു ഡോക്ടർ ഉൾപ്പെടെയുള്ളവർക്കാണ് രോഗം പിടിപ്പെട്ടത്. ഇത് കണ്ടെത്തിയതോടെ ഈ സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ കുഴൽ കിണർ ഉൾപ്പെടെ മൂന്ന് കിണറുകളിലെയും വെള്ളം പരിശോധിച്ചു.
വെളളത്തിൽ അസ്വഭാവികമായ തൊന്നും കണ്ടെത്താനായില്ല. ബർഗർ, സാന്റ് വിച്ച് തുടങ്ങിയവയിൽ അണുക്കളെ കണ്ടെത്തുകയും ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർക്ക് പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ റിപ്പോർട്ട് നല്കി. ചാവർകോട്ടെ കോളേജ് കാന്റീനിൽ നിന്നുമാണ് ഇവിടേക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചിരുന്നത് എന്ന് കണ്ടെത്തി.
ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡിഎംഒ ഡോ.മണികണ്ഠൻ , ഡോ.സന്ധ്യാ, ഡോ. സൗമ്യ, പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി ബേക്കറി പൂട്ടാൻ നിർദ്ദേശിച്ചു.പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ പാരിപ്പള്ളിയിലെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന കർശനമാക്കി.