കുന്നിക്കോട്: വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട കാവൽപ്പുര കല്ലൂർക്കോണം ഭാഗത്ത് മഞ്ഞപ്പിത്തം പടരുന്നു. പതിനഞ്ചോളം പേർക്ക് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെയാണ് അടുത്തടുത്ത വീടുകളിലുള്ളവർക്ക് രോഗം പിടിപെട്ടത്. ഇതിൽ രോഗം ഗുരുതരമായ രണ്ടു പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി മടങ്ങി.
കല്ലൂർക്കോണം എൽബി ഭവനിൽ ബിബിൻ ബാബു, പ്ലാവിള പുത്തൻ വീട്ടിൽ രാധിക, പ്ലാവിളപുത്തൻ വീട്ടിൽ അൽഅമീൻ, ചിത്തിരാലയത്തിൽ അലൻ ജോൺ, ശാസ്താംകുന്നിൽ വീട്ടിൽ അലൻ.പി.ബാബു, ശാസ്താക്കുന്നിൽ അജിത, നാസില മൻസിലിൽ നാസില,ജസ്ന മൻസിലിൽ ജസ്ന ഫാത്തിമ, ബംഗ്ലാവിൽ വീട്ടിൽ അസ്ലം, അൽഫിയ, കിഴക്കടത്തു വീട്ടിൽ മുഹമ്മദ് മുബാറക്ക്, ആസിയ മൻസിലിൽ ആസിഫ് എന്നിവരാണ് ചികിത്സയിലുള്ളത്.
ജനവാസ മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രതിരോധ നടപടി എടുക്കുന്നതിനോ, കാരണം കണ്ടെത്തുന്നതിനോ പഞ്ചായത്തോ, ആരോഗ്യവകുപ്പോ നടപടി എടുത്തിട്ടില്ലെന്ന് ആരോപണമുണ്ട്.കുടിവെള്ളത്തിലൂടെ രോഗബാധ ഉണ്ടായതായാണ് പ്രാഥമിക നിഗമനം. രോഗബാധിത പ്രദേശത്തെ വീടുകളിൽ പ്രാദേശിക ചെറുകിട കുടിവെള്ള പദ്ധതിയിൽ നിന്നാണ് വെള്ളമെടുക്കുന്നത്.
എന്നാൽ കുടിവെള്ള പദ്ധതിയുടെ വെള്ളത്തിൽ നിന്നാണോ രോഗബാധ ഉണ്ടായതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുടിവെള്ള പദ്ധതിക്ക് വെള്ളമെടുക്കുന്ന കിണറ്റിൽ നിന്നുള്ള സാമ്പിൾ പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പ്രദേശത്തെ ജനങ്ങൾ ഭീതിയിലായതോടെ പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്തിലും ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ളവർക്കും നിവേദനം നൽകിയിട്ടുണ്ട്.
എന്നാൽ ഇത്രയേറെ പേർക്ക് രോഗബാധ ഉണ്ടായിട്ടും പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ജാഗ്രത പുലർത്തിയില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. മഞ്ഞപ്പിത്തരോഗ ലക്ഷണങ്ങൾ പ്രകടമാക്കുന്നുണ്ടെങ്കിലും ആർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യവിഭാഗത്തിന്റെ വിശദീകരണം. ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ആരോഗ്യവിഭാഗം അറിയിച്ചു.