പത്തനംതിട്ട: ജില്ലയിൽ ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ്ബി രോഗബാധ റിപ്പോർട്ട് ചെയ്ത പ്രമാടം, വള്ളിക്കോട്, പന്തളം തെക്കേക്കര, കോന്നി ഗ്രാമപഞ്ചായത്തുകളിലെ രോഗബാധയെ സംബന്ധിച്ച വിദഗ്ധ പഠനം നടത്തുന്നതിന് ജില്ലാ കളക്ടർ പി.ബി.നൂഹിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. രോഗം പകരുന്ന രീതികൾ മനസിലാക്കുന്നതിനും രോഗപകർച്ച തടയുന്നതിനുമാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് പഠനം നടത്തുക. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ അതത് പഞ്ചായത്തുകളിൽ പ്രവർത്തനത്തിന് നേതൃത്വം നൽകും. മൂന്ന് ഘട്ടങ്ങളിലായാണ് പഠനം നടത്തുന്നത്. ആദ്യഘട്ടത്തിൽ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ രോഗബാധിതരായവരെയും രോഗബാധയില്ലാത്ത സമാന സാഹചര്യത്തിലുള്ളവരെയും കണ്ടെത്തുകയും അവരുടെ രക്തപരിശോധന നടത്തുകയും ചെയ്യും.
രണ്ടാം ഘട്ടത്തിൽ നിശ്ചിത ചോദ്യാവലിയുമായി ആരോഗ്യപ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി വിവരശേഖരണം നടത്തും. മൂന്നാം ഘട്ടത്തിൽ രോഗപകർച്ചാ സാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ പരിശോധന, രോഗബാധിതർ അല്ലാത്തവർക്ക് വാക്സിനേഷൻ, ബോധവത്കരണ പരിപാടികൾ തുടങ്ങിയവ നടത്തും. പഠനം പൂർത്തിയാക്കി ഓഗസ്റ്റ് അവസാനം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, പന്തളംതെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്തികുമാരി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോൾ ജോസഫ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ.ഷീജ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.സി.എസ്.നന്ദിനി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എബിസുഷൻ, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ.സംഗീത ചെറിയാൻ വർഗീസ്, പ്രോഗാം ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
വിവരശേഖരണ സർവേയിലും രക്തസാന്പിളുകളുടെ ശേഖരണമടക്കമുള്ള മറ്റ് പ്രവർത്തനങ്ങളിലും എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് അഭ്യർഥിച്ചു.