കോട്ടയം: മാസങ്ങളായി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം നിയന്ത്രണവിധേയമായില്ല. നാടും നഗരവും മഞ്ഞപ്പിത്തത്തിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്. വിജയപുരം, കുമാരനല്ലൂർ, പാറന്പുഴ എന്നിവിടങ്ങളിലായി നിരവധി പേർ മഞ്ഞപ്പിത്തബാധിതരാണ്. കൂടുതൽ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വേനലിന്റെ തുടക്കത്തിൽതന്നെ രോഗം ഇതരപ്രദേശങ്ങളിലേക്കു പടരുകയാണ്.
പ്രളയകാലത്ത് വെള്ളത്തിൽ മുങ്ങിക്കിടന്ന കിണറുകളും കുളങ്ങളും ഉടൻ ശുചീകരിക്കാൻ നിർദേശിച്ചു. വരൾച്ച രൂക്ഷമായാൽ അടുത്ത മാസത്തോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് രോഗം പടരുമെന്നാണ് സൂചന. തട്ടുകടകളിൽനിന്ന് ഭക്ഷണം കഴിക്കുന്നവർക്കാണ് അടുത്തദിവസങ്ങളിലായി രോഗം കൂടുതൽ ബാധിച്ചത്.
രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്താറേയില്ല. ഇവിടങ്ങളിൽ തിളപ്പിച്ചാറിച്ച വെള്ളമല്ല കുടിക്കാൻ കൊടുക്കുന്നത്. ഹോസ്റ്റലുകളും പെയിംഗ് ഗസ്റ്റ് ഹൗസുകളും ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്.
അതിരന്പുഴ, ആർപ്പൂക്കര, മാന്നാനം, അയ്മനം പ്രദേശങ്ങളിലെ ജലശ്രോതസുകളേറെയും മലിനമാണെന്നും മഞ്ഞപ്പിത്തത്തിന് സാധ്യതയേറെയുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കേറ്ററിംഗ് സ്ഥാപനങ്ങൾ, ഭക്ഷണം തയാറാക്കി വഴിയോരങ്ങളിൽ വിൽക്കുന്നവർ എന്നിവരും ജാഗ്രത പുലർത്തണം.
കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി, എസ്എച്ച് മൗണ്ട്, വിജയപുരം, പാറന്പുഴ, കുമാരനല്ലൂർ, ആർപ്പൂക്കര, പാന്പാടി തുടങ്ങിയ മേഖലകളിൽ മഞ്ഞപ്പിത്തം കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് കർശന പരിശോധന തുടങ്ങി. നാഗന്പടം കുമാരനല്ലൂർ ഭാഗത്തു നടത്തിയ പരിശോധനയിൽ മൂന്ന് കടകൾ പൂട്ടാനും എട്ടു കടകൾക്കു നോട്ടീസും നൽകി.
ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചവർക്കുൾപ്പെടെയാണ് മഞ്ഞപ്പിത്തമുണ്ടായത്. വീട്ടിൽ ഉൗണ് ഭക്ഷണം കഴിച്ചവർക്കും രോഗമുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. മണർകാട് പഞ്ചായത്തിലെ അരീപ്പറന്പ് ഭാഗത്തും മഞ്ഞപ്പിത്ത ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹോട്ടലുകൾ, തട്ടുകടകൾ, ഭക്ഷണശാലകൾ, ബേക്കറികൾ, ഐസ് പ്ലാന്റുകൾ എന്നിവയിൽ പരിശോധന കർക്കശമാക്കിയിട്ടുണ്ട്. ഭക്ഷണശാലകളിൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂ. എല്ലാ കുടിവെള്ള സ്രോതസുകളും ആറു മാസത്തിലൊരിക്കൽ കുടിവെള്ളം പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം, കുടിവെള്ള സ്രോതസുകൾ ആഴ്ചയിലൊരിക്കലെങ്കിലും ശാസ്ത്രീയമായി ക്ലോറിനേറ്റ് ചെയ്യണം, തൊഴിലാളികൾക്കും ആരോഗ്യപരിശോധന നടത്തി ഹെൽത്ത് കാർഡ് നേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.
തുറന്നു വച്ചതോ പഴകിയതോ, തണുത്തതോ ആയ ഭക്ഷണ പദാർഥങ്ങൾ കഴിവതും ഒഴിവാക്കണമെന്നും, കക്കൂസ് ഉപയോഗത്തിന് ശേഷവും ഭക്ഷണത്തിനു മുന്പും സോപ്പുപയോഗിച്ചു കൈകൾ വൃത്തിയായി കഴുകണമെന്നും ഡിഎംഒ അറിയിച്ചു.