ഇരിങ്ങാലക്കുട: ആസാദ് റോഡിലുള്ള ജവഹർ കോളിനിയിലെ നൂറോളം കുടുംബങ്ങൾക്കു തിരികെ വീടുകളിലേക്കു മടങ്ങുവാൻ ഏറെ സമയമെടുക്കും. കുറഞ്ഞത് പത്തു ദിവസമെങ്കിലും കഴിഞ്ഞേ ഇവർക്ക് മുന്പ് താമസിച്ചിരുന്ന സ്ഥലങ്ങളിൽ തിരികെ താമസിക്കാനാകൂ. കോളനിയിലെ 24 വീടുകൾക്കും രണ്ട് ഫ്ളാറ്റുകൾക്കും പ്രളയദുരന്തത്തിൽ ബലക്ഷയം നേരിടുന്നുണ്ടെന്ന് എൻജിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനയിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് പുനരധിവാസം വൈകുന്നത്.
രണ്ട് ഫ്ളാറ്റുകളിലായി 72 കുടുംബങ്ങളും വീടുകളിലായി 24 കുടുംങ്ങളുമാണ് ജവഹർ കോളനിയിൽ കഴിയുന്നത്. വെള്ളപ്പെക്കത്തിൽ കോളനിയിലെ ഫാറ്റിന്റെ ഒന്നാം നിലയിൽ വെള്ളം കയറുകയും വീടുകൾക്കു മുകളിൽ വരെ വെള്ളം ഉയരുകയും ചെയ്തിരുന്നു.ഇന്നലെ നഗരസഭാ മന്ദിരത്തിൽ നടന്ന സന്നദ്ധ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ജവഹർ കോളനി നിവാസികളെ പ്രതിനിധീകരിച്ചവർ ഫ്ളാറ്റിന്റെയും വീടുകളുടെയും ഉറപ്പ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഇതേ തുടർന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ എൻജിനീയറിംഗ് വിഭാഗത്തിലെ ഉദ്യഗസ്ഥരും കോളനി പ്രതിനിധിയും കൂടി സ്ഥലത്തെ കെട്ടിടങ്ങൾ പരിശോധിച്ചു. വീടുകളുടെ ചുമരുകളിൽ ജലാംശം ഉള്ളതിനാൽ ഏതു നിമിഷവും അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. പല വീടുകളുടെയും ചുമരുകൾക്ക് വിള്ളൽ സംഭവിച്ചീട്ടുണ്ട്.
സമീപത്തെ തോട്ടിൽ നിന്നും വീടുകളുടെ തറക്കുള്ളിലൂടെയാണ് വെള്ളം ഒഴുകി വന്നിരുന്നതെന്ന് ജവഹർ കോളനിനിവാസികളുടെ പ്രതിനിധി നിഷ സെബാസ്റ്റ്യൻ പറഞ്ഞു. കെട്ടിടങ്ങളുടെ ബലത്തെ കുറിച്ച് പരിശോധന നടത്തിയ നഗരസഭയിലെ എൻജിനീയറിംഗ് വിഭാഗം ഈ വീടുകളിൽ തൽക്കാലം ആരേയും താമസിപ്പിക്കേണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്.
നാലു ദിവസം വെയിൽ ഉണ്ടായാൽ ഭിത്തികളിലെ ജലാംശം മാറുന്നതോടെ എൻജിനീയറിംഗ് വിഭാഗം വീണ്ടും പരിശോധനകൾ നടത്തുകയും വീടുകളിലേയും ഫ്ളാറ്റുകളിലെയും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. തുടർന്ന് ഇവിടേക്ക് വൈദ്യുതിയും കുടിവെള്ള സംവിധാനവും സുഗമമാക്കിയശേഷം വീടുകളിലെയും ഫ്ളാറ്റുകളിലെയും താമസസൗകര്യങ്ങൾ ഉറപ്പു വരുത്തിയ ശേഷമായിരിക്കും ജവഹർ കോളനി കുടുംബങ്ങൾക്ക് താമസത്തിന് വിട്ടു നൽകുകയുള്ളു. ഇവിടത്തെ കുടുംബങ്ങൾ ക്രൈസറ്റ് കോളജ്, എസ്എൻ സ്കൂൾ എന്നിവടങ്ങളിലെ ക്യാന്പുകളിലാണ് കഴിയുന്നത്.
കോളനി നിവാസികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തും: കുര്യൻ ജോസഫ്
ഇരിങ്ങാലക്കുട: ജവഹർ കോളനി നിവാസികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന നടപടികൾ സ്വീകരിച്ചു വരുകയാണെന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗണ്സിലറുമായ കുര്യൻ ജോസഫ് അറിയിച്ചു. കോളനി നിവാസികളുടെ താമസത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തും.
ഈ പ്രദേശത്തെ ശുചീകരണ മടക്കമുള്ള പ്രവർത്തനങ്ങൾ നഗരസഭ നേരിട്ട് നടത്തും. ഇവർക്കുണ്ടായ നഷ്ടം റവന്യു വിഭാഗത്തെ കൊണ്ട് അന്വേഷിപ്പിച്ച് സർക്കാരിൽ നിന്നുള്ള സഹായങ്ങൾ ഉറപ്പു വരുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.