പട്യാല: ജാവലിന്‍ ത്രോയുടെ ചരിത്രത്തില്‍ ഇതുവരെ മറ്റാരും മറികടക്കാത്ത 100 മീറ്റര്‍ എന്ന റിക്കാര്‍ഡിനും അപ്പുറം കടന്ന ജര്‍മന്‍ അത്ലറ്റാണ് ഉവേ ഹോണ്‍. 104.80 മീറ്റര്‍ എന്ന ലോക റിക്കാര്‍ഡിന് ഉടമ. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം ഇന്ത്യയില്‍ മനസു മടുത്തു കഴിയാനാണ് വിധി.
അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെയും സായിയുടെയും സമീപനങ്ങളില്‍ നിരാശാനായിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യയുടെ ജാവലിന്‍ത്രോ പരിശീലകനായ ഉവേ ഹോണ്‍. പറഞ്ഞുറപ്പിച്ച ശമ്പളം കിട്ടാത്തതിനു പുറമേ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കേണ്ട അലവന്വസുകളും മറ്റു ബത്തകളും ലഭിക്കുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
അസിസ്റ്റന്റ് കോച്ചില്ല, പരിശീലനത്തിന് ആവശ്യമായ ജീവനക്കാരില്ല, മെച്ചപ്പെട്ട സംവിധാനങ്ങളില്ല, പരാതികള്‍ക്കു ചെവി തരുന്നില്ല തുടങ്ങിയവാണ് ഒരു വിദേശ കോച്ചിന് ഇന്ത്യയില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍. ദീര്‍ഘദൂര വിമാന യാത്രകളില്‍ ബിസിനസ് ക്ലാസ് ടിക്കറ്റും പരിശീലന ക്യാമ്പില്‍ മെച്ചപ്പെട്ട സൗകര്യങ്ങളും ചോദിച്ച് അധികൃതരുടെ മുന്നില്‍ പലതവണ ഇദ്ദേഹം കയറിയിറങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനമാണ് ഹോണ്‍ ഇന്ത്യന്‍ ക്യാമ്പില്‍ പരിശീലകനായി എത്തുന്നത്. എന്നാല്‍, അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയും സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയും തനിക്കു നല്കിയ വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
ഇന്ത്യന്‍ അത്ലറ്റുകള്‍ക്കു മികച്ച പരിശീലനം നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവിടെയെത്തിയത്. എന്നാല്‍, കാര്യങ്ങള്‍ വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല.അടിസ്ഥാന ശമ്പളം മാത്രമാണ് ലഭിക്കുന്നത്. അതു സാരമില്ലെന്നു വെക്കാം. എന്നാല്‍, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ബോണസോ മറ്റ് അലവന്‍സുകളോ തരുന്നില്ല.
കിട്ടിയ വാഗ്ദാനങ്ങളില്‍ ഒന്നു പോലും നേരേചൊവ്വേ പാലിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഇന്ത്യയില്‍ കഴിയുന്നതെന്നും ഹോണ്‍ പറഞ്ഞു. തന്റെ ആവശ്യങ്ങളുമായി നിരവധി തവണ അത്ലറ്റിക് ഫെഡറേഷനെ സമീപിച്ചെങ്കിലും അവര്‍ കേള്‍ക്കാന്‍ പോലും തയാറാകുന്നില്ലെന്നാണ് ഹോണ്‍ പറയുന്നത്.