ശ്രീനഗര്‍: തെക്കന്‍ കാഷ്മീരിലെ പാമ്പോറില്‍ തീവ്രവാദിയാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കണ്ണൂര്‍ മട്ടന്നൂര്‍ കൊടോളിപ്പുറത്ത് രതീഷ് (26) ആണ് മരിച്ചത്. പാമ്പോറില്‍ കരസേനയുടെ വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ രതീഷ് ഉള്‍പ്പെടെ മൂന്നു സൈനികരാണ് കൊല്ലപ്പെട്ടത്. മറ്റുരണ്ടുപേര്‍ക്കു പരിക്കേറ്റു. പുല്‍വാമ ജില്ലയില്‍ പാമ്പോറിലെ കഡ്‌ലാബാല്‍ എന്ന സ്ഥലത്ത് ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണിത്. ജനങ്ങള്‍ക്ക് അത്യാഹിതം വരാതിരിക്കാനായി ഭടന്മാര്‍ തിരിച്ചു വെടിവച്ചില്ല എന്നാണ് പട്ടാളവക്താക്കള്‍ പറഞ്ഞത്. ജനങ്ങളെ മറയാക്കി ഭീകരര്‍ പട്ടാളക്കാരെ വധിക്കുകയും ചെയ്തു.
ശ്രീനഗര്‍–ജമ്മു ദേശീയപാതയിലാണു പാമ്പോര്‍. മോട്ടോര്‍സൈക്കിളില്‍ വന്നാണ് ഭീകരര്‍ ആക്രമിച്ചതെന്നാണ് പ്രാരംഭ അന്വേഷണത്തിലെ നിഗമനം. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കു പോവുകയായിരുന്നു സേനയുടെ വാഹനവ്യൂഹം.
ബുധനാഴ്ച ജമ്മുവിലെ അനന്ത്‌നാഗ് ജില്ലയിലും കാഷ്മീരിലെ ബാരാമുള്ള ജില്ലയിലും ഏറ്റുമുട്ടലില്‍ ഓരോ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. അനന്ത്‌നാഗില്‍ സൈന്യത്തിന്റെ പട്രോള്‍സംഘത്തിനു നേരേ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജൂണ്‍ 25—ന് പാമ്പോറില്‍ ഭീകരര്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തെ പതിയിരുന്ന് ആക്രമിച്ചതില്‍ എട്ടു ജവാന്മാര്‍ വീരമൃത്യു വരിക്കുകയുണ്ടായി. ഇരുപതിലേറെ ജവാന്മാര്‍ക്കു പരിക്കേറ്റു. രണ്ടു ഭീകരരും കൊല്ലപ്പെട്ടു.
ഫെബ്രുവരിയില്‍ പാമ്പോറിലെ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഇഡിഎ)നിന്ന് ഭീകരര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തെ ആക്രമിച്ച് അഞ്ചു ജവാന്മാരെ വധിച്ചിരുന്നു. 48 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇഡിഐയിലുണ്ടായിരുന്ന മൂന്നു ഭീകരരെയും വധിച്ചത്.